പുനലൂർ: പുനലൂരിൽ വ്യാപാരിക്കും മകനും കൊവിഡ് സ്ഥിരീകരിച്ചതിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ സ്റ്റാൻഡേർഡ് ക്യൂ ആൻറിജൻ കിറ്റ് ഉപയോഗിച്ചുളള കൊവിഡ് അതിവേഗ പരിശോധന തുടങ്ങി. 15മിനിറ്റിനുളളിൽ പരിശോധന ഫലം ലഭിക്കുമെന്ന പ്രത്യേതകയും ഇതിനുണ്ട്. ടൗണിൽ സമീപ പ്രദേശങ്ങളിലും സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് മനസിലാക്കുന്നതിന് വേണ്ടിയാണ് അതിവേഗ പരിശോധന സംവിധാന ഏർപ്പെടുത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ അറിയിച്ചു.മൂന്ന് ദിവസം കൊണ്ട് 125 ഓളം പേരെ പരിശോധിച്ചെങ്കിലും ആരുടെയും ഫലം പോസിറ്റീവ് ആയിട്ടില്ല. കഴിഞ്ഞ മാസം 19ന് പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് വ്യാപാരം നടത്തി വന്ന കച്ചവടക്കാരനും, മകനും കൊവിഡ് സ്ഥിരീകരിച്ചത്.എന്നാൽ രോഗത്തിൻെറ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് അധികൃതർക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. ഇത് കണക്കിലെടുത്ത് ടൗണിലെ വ്യാപാരികളും പൊലീസ്കാരും ഉൾപ്പെടെ 300 ഓളം പേരുടെ സ്രവം പരിശോധിച്ചിരുന്നെങ്കിലും ആർക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ പരിശോധന ഫലം ഉടൻ ലഭിക്കാനാണ് പുതിയ പരിശോധന സംവിധാനം സജ്ഞമാക്കിയത്.