covid

കൊല്ലം: പനിക്ക് ചികിത്സ തേടിയെത്തിയ രോഗിക്ക് ദിവസങ്ങൾക്ക് ശേഷം കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ട‌ർമാരുൾപ്പെടെ 38 ജീവനക്കാർ ക്വാറന്റൈനിലായി. ആശുപത്രിയിൽ കഴിഞ്ഞ മാസം 27ന് ചികിത്സയ്ക്കായി പ്രവേശിപ്പിച്ച വള്ളികുന്നം ഇലിപ്പക്കുളം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. പനിയും ശാരീരിക അസ്വസ്ഥതയും കാരണം ആശുപത്രിയിലെത്തിയ ഇയാൾ ജൂലായ് 2 വരെ ഇവിടെ ചികിത്സയിലായിരുന്നു. രോഗം ഭേദമാകാതിരുന്നതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ എട്ടാം തീയതി സ്രവ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ കൊവിഡ് പൊസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനെ തുട‌ർന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശാനുസരണമാണ് ആശുപത്രി ജീവനക്കാർ ക്വാറന്റൈനിലായത്. ഇവരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ആശുപത്രിയിൽ കൊവിഡ് ബാധയാണെന്ന തരത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.