അഞ്ചൽ: വിദേശത്തുനിന്നും അന്യസംസ്ഥാനത്തുനിന്നും വന്ന് നിരീക്ഷണത്തിലുളളവരെ കൊവിഡ് പരിശോധന നടത്തുന്നതിൽ അഞ്ചൽ ഗവ. ആശുപത്രി അധികൃതർ വീഴ്ച വരുത്തുന്നതായി പരാതി. നിരവധിപേരാണ് അഞ്ചൽ മേഖലയിൽ നിരീക്ഷണത്തിലുള്ളത്. എന്നാൽ ഇവരെ സംബന്ധിച്ച വ്യക്തമായ വിവരം പോലും ശേഖരിക്കാൻ അഞ്ചലിലെ ഗവ.ആശുപത്രിക്ക് കീഴിലുള്ള ആരോഗ്യ പ്രവർത്തകർ തയ്യാറാകുന്നില്ല.
ജൂൺ 29ന് ഗൾഫിൽ നിന്നും വന്ന അഞ്ചൽ ഏറം സ്വദേശിയായ യുവാവ് അന്ന് തന്നെ വിവരം അഞ്ചൽ ഗവ. ആശുപത്രിയിലും പൊലീസിലും അറിയിച്ചിരുന്നു. എന്നാൽ ഇയാളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിക്കാൻ പിന്നീട് ആരോഗ്യപ്രവർത്തകർ തയ്യാറായില്ല. യുവാവ് പലവട്ടം ആരോഗ്യപ്രവർത്തകരെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. എന്നാൽ രണ്ട് ദിവസം മുമ്പ് യുവാവ് വീണ്ടും ആരോഗ്യ പ്രവർത്തകയെ വിളിച്ച് ഇക്കാര്യം തിരക്കിയപ്പോൾ അതേ ആശുപത്രിയിലെ തന്നെ ഹെൽപ്പ് ഡസ്ക് നമ്പർ നൽകി കയ്യൊഴിയുകയായിരുന്നു. ഹെൽപ്പ് ഡസ്കിൽ വിളിച്ചെങ്കിലും യുവാവ് വന്ന വിവരം അവർ അറിഞ്ഞിട്ടില്ലെന്നും അതിനാൽ കൊവിഡ് പരിശോധന സംബന്ധിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നുമാണ് മറുപടി ലഭിച്ചത്. ആറ് മാസം മുമ്പ് ഗൾഫിൽ പോയ യുവാവ് ജോലി പോലും ലഭിക്കാതെ തിരിച്ച് പോരുകയായിരുന്നു. പാവപ്പെട്ട കുടുംബത്തിലുള്ള ഇയാൾക്ക് പൈസ കൊടുത്ത് കൊവിഡ് പരിശോധന നടത്താനും നിർവാഹമില്ല. അഞ്ചൽ ഗവ. ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തുന്നതിൽ വീഴ്ചവരുത്തുന്നുണ്ടെന്ന് നിരവധി പരാതികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ മുന്നിലും എത്തിയിട്ടുണ്ട്.