sasthamkotta

കൊല്ലം: ശാസ്‌താംകോട്ടയിൽ ആറ് പേർക്ക് കൂടി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതോടെ സമൂഹ വ്യാപന സാദ്ധ്യത അറിയാൻ പരമാവധി ആളുകളെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കും. ജൂലായ് ആറിന് കൊവിഡ് സ്ഥിരീകരിച്ച ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യവ്യാപാരിയായ പള്ളിശേരിക്കൽ സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ടവരാണ് 6 പേരും. ആഞ്ഞിലിമൂട്, രാജഗിരി, പള്ളിശേരിക്കൽ, തേവലക്കര അരിനല്ലൂർ സ്വദേശികളായ ഇവരിൽ നാല് പേർ ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യവ്യാപാരികളാണ്. ഇതോടെ മത്സ്യവ്യാപാരിയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം മൂന്ന് ദിവസത്തിനുള്ളിൽ 21 ആയി ഉയർന്നു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളും ചന്തയിലെ വ്യാപാരികളുമാണ് രോഗം ബാധിച്ചവരിൽ മിക്കവരും. ഇന്നലെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നടത്തിയ ആന്റിജെൻ പരിശോധനയിൽ ഏഴാംമൈലിലെ പെട്രോൾ പമ്പ് ജീവനക്കാരന്റെ ഫലം പോസിറ്റീവായി. അദ്ദേഹത്തിന്റെ സ്രവം വിശദ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

 ദിനംപ്രതി 300 പേർക്ക് പരിശോധന

ആഞ്ഞിലിമൂട് ചന്ത കുന്നത്തൂരിലെ കൊവിഡ‌് പ്രഭവ കേന്ദ്രമായതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചന്തയിൽ വന്ന് പോയ എല്ലാവർക്കും ആന്റിജൻ പരിശോധന നടത്താനാണ് ശ്രമം. ഇതിനായി ശാസ്താംകോട്ട, പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി, ശൂരനാട് തെക്ക് പഞ്ചായത്തുകളിലെ ജനങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർമാർ മുഖേനെ മുൻകൂട്ടി ബുക്ക് ചെയ്യുന്നുണ്ട്. ഒരു ദിവസം പരമാവധി 300 പേർക്ക് പരിശോധന നടത്താനുള്ള സൗകര്യമാണ് നിലവിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലുള്ളത്. പരിശോധനയ്ക്കായി എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ശൂരനാട് സാമൂഹിക ആരോഗ്യ കേന്ദ്രം, മൈനാഗപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന തഴവ പി.എച്ച്.സി എന്നിവിടങ്ങളിൽ പരിശോധനാ കേന്ദ്രമൊരുക്കിയിട്ടുണ്ട്. എന്നാൽ മൈനാഗപ്പള്ളിയിലെ വേങ്ങയിൽ പുതിയ പരിശോധനാ കേന്ദ്രം വേണമെന്ന ആവശ്യത്തിലാണ് ജനങ്ങൾ.

 20 കൊവിഡ് രോഗികൾ

ശാസ്താംകോട്ട പഞ്ചായത്തിൽ മാത്രം നിലവിൽ 20 കൊവിഡ് രോഗികളുണ്ട്. ഇവർ ആഞ്ഞിലിമൂട്, പള്ളിശേരിക്കൽ, രാജഗിരി, മനക്കര സ്വദേശികളാണ്. ഇക്കൂട്ടത്തിൽ മത്സ്യക്കച്ചവടക്കാരും ചന്തയിൽ മത്സ്യം വാങ്ങാനെത്തിയവരും ഉൾപ്പെടും. ജില്ലയിൽ ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ള പഞ്ചായത്തായി മൂന്ന് ദിവസത്തിനുള്ളിൽ ശാസ്താംകോട്ട മാറി.

 കച്ചവടക്കാരന് കൊവിഡ്, ഉറവിടം വ്യക്തമല്ല

ശാസ്താംകോട്ടയിലെ സമ്പർക്ക ബാധിതർക്ക് പുറമേ പോരുവഴി കമ്പലടി സ്വദേശിയായ (29) കർട്ടൻ കച്ചവടക്കാരന് കൂടി രോഗം സ്ഥിരീകരിച്ചതോടെ കുന്നത്തൂർ താലൂക്കിൽ ജാഗ്രത പ്രഖ്യാപിച്ചു. പോരുവഴി സ്വദേശിക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക സങ്കീർണമാണ്.

രോഗ വ്യാപന സാദ്ധ്യത

വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് രോഗ വ്യാപനത്തിനുള്ള സാദ്ധ്യത ആരോഗ്യ വകുപ്പ് തള്ളിക്കളയുന്നില്ല. കൂടുതൽ ഏകോപനത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഉന്നത മെഡിക്കൽ സഘം ശാസ്താംകോട്ടയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.