ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിലെ കൊവിഡ് പരിശോധന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് ആക്ഷേപം. ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിലെ മത്സ്യ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് താലൂക്ക് ആശുപത്രിയിൽ സ്രവ പരിശോധന തുടങ്ങിയത്. ജൂൺ 20 മുതൽ ജൂലായ് 3 വരെ ആഞ്ഞിലിമൂട് ചന്തയിൽ എത്തിയവർക്ക് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ കൊവിഡ് പരിശോധനക്ക് സംവിധാനം ഒരുക്കിയിരുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 300 പേർക്കാണ് ആശുപത്രിയിൽ പരിശോധന ഒരുക്കിയത്. എന്നാൽ വിവിധ പഞ്ചായത്തിലുള്ള 600 ഓളം ആളുകൾ കൂട്ടമായി പരിശോധനയ്ക്ക് എത്തിയതോടെ ആശുപത്രിയിൽ സാമൂഹ്യ അകലം പാലിക്കാതെയുള്ള വലിയ തിരക്കായി മാറി . തിരക്ക് വർദ്ധിച്ചതോടെ ആളുകൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത് .സമയബന്ധിതമായും കാര്യക്ഷമവുമായി പരിശോധന സംവിധാനം ഏർപ്പെടുത്താത്തതിനാൽ താലൂക്ക് ആശുപത്രിയിലെ കൊവിഡ് പരിശോധന സാമൂഹിക വ്യാപനത്തിനുള്ള കേന്ദ്രമായി മാറാനുള്ള സാധ്യത ഏറെയാണ്.