കൊവിഡ് കണക്ക് പെരുകുന്നു
കൊല്ലം: ജില്ലയിലെമ്പാടും ഭീതി പടർത്തി കൊവിഡ് കണക്ക് പെരുകുന്നു. ഇടക്കാലത്ത് അന്യദേശങ്ങളിൽ നിന്ന് വരുന്നവർക്ക് മാത്രം രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയിൽ നിന്ന് മാറി പ്രാദേശിക വ്യാപനം വർദ്ധിക്കുകയാണ്. പലരുടെയും രോഗത്തിന്റെ ഉറവിടം പോലും വ്യക്തമായി കണ്ടെത്താൻ കഴിയുന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധി. ജില്ലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള മൂന്ന് മാസത്തിനിടെ 32 പേർക്കാണ് പ്രാദേശികമായി രോഗം ബാധിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഇത് 69 ആയി ഉയർന്നു. ശാസ്താംകോട്ട, പന്മന സ്വദേശികളായ മത്സ്യ വ്യാപാരികളിൽ നിന്നാണ് കൂടുതൽ പേരിലേക്ക് രോഗം പടർന്നത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 489 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 420 പേരാണ് അന്യദേശങ്ങിൽ നിന്ന് വന്നത്.
അന്യനാട്ടിൽ നിന്ന് വരുന്നവർ വീടുകളിലോ സ്ഥാപനങ്ങളിലോ നിരീക്ഷണത്തിൽ കഴിയുന്നതിനാൽ അവരിൽ നിന്ന് കാര്യമായി രോഗവ്യാപനം ഉണ്ടായിട്ടില്ല. നിരീക്ഷണം കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷം കൊവിഡ് സ്ഥിരീകരിച്ചവരിൽ നിന്ന് മാത്രമാണ് ചുരുക്കം കുടുംബാംഗങ്ങൾക്കും ബാധിച്ചത്. അന്യസംസ്ഥാനത്തുള്ളവരുമായുള്ള സമ്പർക്കത്തിലൂടെയാകാം പ്രാദേശിക വ്യാപനം ഉണ്ടാകുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള കച്ചവടക്കാർ, ലോറിത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ എന്നിവരാണ് പ്രധാനമായും സംശയപ്പട്ടികയിലുള്ളത്.
ഇന്നലെ വരെ ആകെ സ്ഥിരീകരിച്ചത്: 489
അന്യദേശങ്ങളിൽ നിന്ന് വന്നവർ: 420
പ്രാദേശികമായി ബാധിച്ചത്: 69
പ്രാദേശിക വ്യാപനം ഒരാഴ്ച മുൻപ്: 32
നിലവിൽ ചികിത്സയിലുള്ളത്: 192
മരണം: 2