chirakkara
ചിറക്കര ഗ്രാമപഞ്ചായത്ത് വക കൊച്ചാലുംമൂട് പൊതുമാർക്കറ്റിലെ മരങ്ങൾ മുറിച്ചിട്ടിരിക്കുന്നു

ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്ത് കൊച്ചാലുംമൂട് വാർഡിൽ വിളപ്പുറം പൊതുമാർക്കറ്റിലെ മരങ്ങൾ അവധി ദിവസം നോക്കി മുറിച്ചുകടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ചിറക്കര ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള ഭൂമിയിലെ മരങ്ങൾക്ക് വില നിശ്ചയിക്കുകയും ലേലം ചെയ്യാതെയും ഭരണസമിതിയുടെ ഒത്താശയോടെ മുറിച്ചുകടത്താനായിരുന്നു പദ്ധതിയിട്ടതെന്ന് നാട്ടുകാർ ആരോപിച്ചു. പഞ്ചായത്ത് സെക്രട്ടറിയുടെ അറിവില്ലാതെയാണ് സംഭവം നടന്നതെന്ന് പറയുന്നു.

ഇന്നലെ രാവിലെ 10 മണിയോടെ മരങ്ങൾ മുറിക്കുവാൻ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കളുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ എത്തിയത്. മരച്ചില്ലകൾ മുറിക്കുന്നതിനിടെ പ്രദേശവാസികൾ പ്രതിഷേധവുമായി എത്തുകയും ബി.ജെ.പിയുടെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ തടയുകയുമായിരുന്നു. പ്രവർത്തകർ കൊടിനാട്ടി പ്രതിഷേധിച്ചതോടെ ജോലിക്കാർ മരം മുറിക്കൽ നിറുത്തിവച്ചു. ബി.ജെ.പി ചിറക്കര പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി. സന്തോഷിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ പൊലീസിൽ പരാതി നൽകി.

പഞ്ചായത്ത് സെക്രട്ടറി പോലും അറിയാതെ ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ മുറിച്ചുകടത്താനുള്ള ശ്രമം അപലനീയമാണെന്ന് ബി.ജെ.പി ആരോപിച്ചു. മുൻ കാലങ്ങളിലും ഇവിടെനിന്ന് മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് വൈസ്‌ പ്രസിഡന്റിന്റെ വാർഡിൽ നടന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും രാജിവെയ്ക്കണമെന്നും ബി.ജെ.പി പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബി.ജെ.പി നേതാക്കളായ ബി. സജൻലാൽ, ജി. സന്തോഷ് എന്നിവർ പറഞ്ഞു.

കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ദിലീപ് ഹരിദാസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും മരങ്ങളിൽ കൊടികെട്ടി പ്രതിഷേധിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടക്കുന്ന അഴിമതിയുടെ തുടർച്ചയാണിതെന്നും ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഫണ്ട് ശേഖരണമാണ് അധികൃതരുടെ ഒത്താശയോടെയുള്ള ഈ നടപടിക്ക് പിന്നിലെന്നും കോൺഗ്രസ് ചിറക്കര മണ്ഡലം പ്രസിഡന്റ് എൻ. സത്യദേവൻ ആരോപിച്ചു.