പ്രചാരണത്തിന് പരസ്യം ചെയ്യാൻ പോലും താത്പര്യമില്ലാതെ നഗരസഭ
കൊല്ലം: നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് രാത്രികാലങ്ങളിലടക്കം സുരക്ഷിതമായി തങ്ങാൻ പോളയത്തോട്ടിൽ നഗരസഭ ആരംഭിച്ച ഷീ ലോഡ്ജ് വെള്ളാനയായി മാറുന്നു. ലാഭേച്ഛയോടെ പ്രവർത്തിക്കേണ്ട സ്ഥാപനമല്ലെങ്കിൽ പോലും ഷീ ലോഡ്ജ് പ്രതിമാസം നഗരസഭയ്ക്ക് സമ്മാനിക്കുന്നത് പതിനായിരങ്ങളുടെ നഷ്ടം.
സ്ഥാപനത്തിന്റെ വാടക, രണ്ട് കെയർ ടേക്കർമാരുടെ ശമ്പളം, വൈദ്യുതി ചാർജ് എന്നിവ സഹിതം ഷീ ലോഡ്ജിന്റെ പ്രതിമാസ ചെലവ് 45,000 രൂപയിലേറെയാണ്. എന്നാൽ ഇവിടെ നിന്നുള്ള ശരാശരി വരുമാനം രണ്ടായിരം രൂപ മാത്രമാണ്. ചുരുക്കത്തിൽ ഷീ ലോഡ്ജ് ലക്ഷ്യം കണ്ടില്ലെന്ന് മാത്രമല്ല, ഇതുവരെ ആറ് ലക്ഷം രൂപയോളം നഗരസഭയുടെ ഖജനാവിൽ നിന്ന് ചോരാൻ കാരണമായിരിക്കുകയാണ്.
ഒരുമാസം ശരാശരി അഞ്ച് മുതൽ ഏഴ് പേർ വരെയേ ലോഡ്ജ് പ്രയോജനപ്പെടുത്തുന്നുള്ളു. നഗരത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ ലോഡ്ജ് മുറിക്ക് പോലും അഞ്ഞൂറ് രൂപയ്ക്ക് മുകളിലാണ് ദിവസവാടക. എന്നാൽ ഷീ ലോഡ്ജിൽ 300 രൂപ മാത്രമേയുള്ളു. പക്ഷേ ഇങ്ങനെയൊരു സ്ഥാപനം കൊല്ലം നഗരത്തിലുള്ള വിവരം ആർക്കുമറിയില്ല. ആയിരക്കണക്കിന് യാത്രക്കാർ രാത്രിയും പകലുമെത്തുന്ന കൊല്ലം ബസ് ഡിപ്പോയിലും റെയിൽവേ സ്റ്റേഷനുകളിലും പ്രധാനപ്പെട്ട ബസ് സ്റ്റോപ്പുകളിലും ഷീ ലോഡ്ജിന്റെ പരസ്യം സ്ഥാപിക്കാനും നഗരസഭ തയ്യാറായിട്ടില്ല.
സ്ഥാപനം ഭംഗിയായി നടത്തി സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനപ്പുറം ലക്ഷങ്ങൾ ചെലവാക്കുന്നതിൽ മാത്രമാണ് നഗരസഭാ അധികൃതർക്ക് താല്പര്യമെന്നതാണ് ഷീ ലോഡ്ജിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നത്.
ഓൺലൈൻ ബുക്കിംഗ് തുടങ്ങിയില്ല
സംസ്ഥാനത്ത് എവിടെ നിന്നും ഓൺലൈനായി കൊല്ലത്തെ ഷീ ലോഡ്ജിൽ മുറി ബുക്ക് ചെയ്യാമെന്നാണ് ഉദ്ഘാടനവേളയിൽ നഗരസഭാ അധികൃതർ പറഞ്ഞിരുന്നത്. ഇതിനായി ലക്ഷങ്ങൾ ചെലവിട്ട് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി. പക്ഷെ ബുക്കിംഗ് സൗകര്യം ഇതുവരെ ഒരുക്കിയിട്ടില്ല.
10 പേർക്കുള്ള സൗകര്യം, 20 പേർക്കുള്ള സംവിധാനങ്ങൾ
10 പേർക്ക് തങ്ങാനുള്ള സ്ഥലസൗകര്യമേ ഇപ്പോൾ ഷീ ലോഡ്ജ് പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിനുള്ളൂ. പക്ഷെ 20 പേർക്കുള്ള കട്ടിലുകളും മെത്തകളും ഫർണിച്ചറുകളുമാണ് നഗരസഭാ അധികൃതർ വാങ്ങിക്കൂട്ടിയത്. അധികമുള്ളവ ഷീ ലോഡ്ജിന്റെ ഒരു ഭാഗത്ത് കൂട്ടിയിട്ട് ഉള്ള സ്ഥലം കൂടി നഷ്ടമാക്കുകയാണ്.
പ്രതിമാസ ചെലവ് 45,000 രൂപ
ശരാശരി വരുമാനം: 2000 രൂപ
ഇതുവരെ നഷ്ടം: ഏകദേശം 6 ലക്ഷം രൂപ
ദിവസ വാടക: 300 രൂപ