കരുനാഗപ്പള്ളി : പാർട്ടി പ്രവർത്തകരായ ഹാരിസിനും സൂര്യയ്ക്കും പാർട്ടി ഓഫീസ് തന്നെ കതിർമണ്ഡപമായി. സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ് ആണ് ഇന്നലെ വിവാഹ വേദിയായത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് പാർട്ടി ഓഫീസിൽ കതിർമണ്ഡപമൊരുക്കിയത് . എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗവും ഇടക്കുളങ്ങര ഹാരീസ് മൻസിലിൽ കൊച്ചുകുഞ്ഞ് - ലത്തീഫാ ദമ്പതികളുടെ മകൻ ഹാരീസും തൊടിയൂർ ഗ്രാപഞ്ചായത്ത് 22-ം വാർഡ് മെമ്പറും എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗവുമായ കല്ലേലിഭാഗം തോട്ടുകര സൂര്യാലയത്തിൽ സുന്ദരേശൻ - ശിവകാമി ദമ്പതികളുടെ മകൾ സൂര്യയും തമ്മിലുള്ള വിവാഹമാണ് പാർട്ടി നേതാക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ആർഭാടമില്ലാതെ നടന്നത്. കമ്യൂണിസ്റ്റ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന പി കെ വാസുദേവൻ നായരുടെ പതിനഞ്ചാമത് ഓർമ പുതുക്കൽ വാർഷിക ദിനത്തിലാണ് അപൂർവ മുഹൂർത്തതിന് പാർട്ടി ഓഫീസ് സാക്ഷിയായത്. ഇരുഭാഗത്തു നിന്നും 50 ഓളം പേർ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. രാവിലെ 11.30 മണിക്ക് വധൂവരൻമാർ പാർട്ടി ഓഫീസിലെത്തി തുടർന്ന് ആർ.രാമചന്ദ്രൻ എം.എൽ.എയും പാർട്ടി മണ്ഡലം കമ്മിറ്റി സെക്രട്ടറി ജെ.ജയകൃഷ്ണപിള്ളയും നൽകിയ രക്തഹാരങ്ങൾ പരസ്പരം അണിയിച്ച് അവർ വിവാഹിതരായി. പാർട്ടി നേതാക്കളായ അഡ്വ: അനിൽ എസ്.കല്ലേലിഭാഗം, കടത്തൂർ മൺസൂർ, ജഗത് ജീവൻവൻലാലി, ആർ.രവി,അഡ്വ: സുരൻ,യു.കണ്ണൻ, പോണാൽ നന്ദകുമാർ, അജിത്കുമാർ, മുൻ നഗരസഭാ ചെയർമാൻ എം.അൻസാർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. വിവാഹാനന്തരം ഇരുവരും പി.കെ.വാസുദേവൻ നായരുടെ ഛായച്ചിത്രത്തിന് മുന്നിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് പാർട്ടി പ്രവർത്തകർ വിവാഹത്തിൽ പങ്കെടുത്തവർക്ക് മധുരം നൽകി.