പുനലൂർ: മൂന്ന് വർഷമായി കുംഭാവുരുട്ടിയിലെ കാഴ്ചകൾ ആരെങ്കിലും കണ്ടിട്ട്. അപകടാവസ്ഥ പരിഗണിച്ച് സഞ്ചാരികൾക്ക് പ്രവേശനമില്ലാതെ കുംഭാവുരുട്ടി വെള്ളച്ചാട്ടം അടച്ചിട്ടിട്ട് മൂന്ന് വർഷമാകുന്നു. പ്രകൃതിയുടെ വിസ്മയക്കാഴ്ചകളൊരുക്കി കാത്തിരിക്കുന്ന കുംഭാവുരുട്ടിയെ എന്ന് കാണാനാകുമെന്നാണ് സഞ്ചാരികൾ ആകാംഷയോടെ തിരക്കുന്നത്.
ഉരുൾപ്പൊട്ടലിൽ തകർന്നു
മൂന്ന് വർഷം മുമ്പുണ്ടായ ഉരുൾ പൊട്ടലിൽ കൂറ്റൻ പാറകളും മണ്ണും ഒലിച്ചിറങ്ങി വെള്ളച്ചാട്ടവും സമീപ പ്രദേശങ്ങളും നാശോന്മുഖമായി. പിന്നീട് വെള്ളച്ചാട്ടം നവീകരിച്ച് മോടി പിടിപ്പിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു. ഉരുൾപൊട്ടിയതിനെ തുടർന്ന് അടച്ച് പൂട്ടിയ വെളളച്ചാട്ടത്തിൽ ഒരു വർഷം മുമ്പ് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചിരുന്നു. ഇതോടെ പൂർണമായും അടച്ച് പൂട്ടിയ കുംഭാവുരുട്ടി അപകടാവസ്ഥ പരിഹരിച്ച് തുറന്ന് നൽകാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
ലക്ഷങ്ങളുടെ വരുമാനം
വനം വകുപ്പിൻെറ നിയന്ത്രണത്തിൽ കുഭാവുരുട്ടി വന സംരക്ഷണ സമിതിയായിരുന്നു ജലപാതത്തിൻെറ മേൽനോട്ടം വഹിച്ചിരുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് ഏറ്റവുമധികം കുംഭാവുരുട്ടിയിൽ കുളിക്കാൻ എത്തിയിരുന്നത്. ദിവസവും നൂറ്കണക്കിന് വിനോദ സഞ്ചാരികളായിരുന്നു വെള്ളച്ചാട്ടവും , കാനന ഭംഗിയും ആസ്വദിക്കാൻ എത്തിയിരുന്നത്. ഉൾവനത്തിൽ സ്ഥിതി ചെയ്യുന്ന കുംഭവുരുട്ടിയിൽ കുളിച്ചാൽ രോഗങ്ങൾ ഭേദമാകുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.പാസ് മൂലം പ്രവേശനം നൽകിയിരുന്ന കുംഭാവുരുട്ടിയിൽ നിന്നും ദിവസവും ഒരു ലക്ഷം രൂപക്ക് പുറത്ത് വരുമാനം ലഭിച്ചിരുന്നു.
ഉന്നതങ്ങളിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചാൽ നവീകരണ ജോലികൾ ആരംഭിക്കും
സുരേഷ് ബാബു
അച്ചൻകോവിൽ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ