rsp
ആർ.എസ്.പി ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഡി. ശ്രീധരൻ ചരമവാർഷികത്തോടനുബന്ധിച്ച് ഡി.എസിന്റെ ഛായാചിത്രത്തിന് മുന്നിൽ സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പുഷ്പാർച്ചന നടത്തുന്നു

കൊല്ലം: സ്വന്തം ജീവിതം നാടിനായി സമർപ്പിച്ച വിപ്ലവകാരിയായിരുന്നു ഡി.എസ് എന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. ആർ.എസ്.പി ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആർ.എസ്.പി നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഡി.എസിന്റെ(ഡി. ശ്രീധരൻ) 24-ാം ചരമവാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയപ്രസ്ഥാന കാലത്ത് തിരുവിതാംകൂർ ദിവാനായിരുന്ന സി.പിക്കെതിരെ സമരം നയിച്ച ടി.കെ. ദിവാകരനെ ഒളിവിൽ പാർപ്പിച്ചത് ഡി. ശ്രീധരനായിരുന്നു. കടവൂരിൽ നിന്ന് ടി.കെ. ദിവാകരനെ പിടികൂടിയതിന് പിന്നാലെ ഡി.എസിനെയും സി.പിയുടെ പട്ടാളം പിടികൂടി. കടവൂരിൽ നിന്ന് കുതിരയെ അടിക്കുന്ന ചമ്മട്ടി കൊണ്ട് അടിച്ചാണ് പട്ടാളക്കാർ കൊല്ലത്തെ കസബ ജയിലിൽ എത്തിച്ചത്. കോട്ടൺ മിൽ തൊഴിലാളിയായിരുന്ന അദ്ദേഹം കശുഅണ്ടി, കയർ തൊഴിലാളികളെയും സംഘടിപ്പിച്ചു. രാഷ്ട്രീയ പ്രവർത്തനത്തെ അധികാരത്തിലേക്കുള്ള വഴിയായി കാണാതെ തന്റെ ജീവിതം തൊഴിലാളികൾക്കും നാടിനും വേണ്ടി സമർപ്പിക്കുകയായിരുന്നുവെന്നും എ.എ. അസീസ് പറഞ്ഞു. വിമോചന സമരകാലത്ത് നടന്ന ഞായറാഴ്ച സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായി ഡി.എസുമൊത്ത് ആറ്റിങ്ങൽ ജയിലിൽ ഒരുമിച്ചുകഴിഞ്ഞ അനുഭവവും അസീസ് പങ്കുവച്ചു.

സജി. ഡി. ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. ആർ. ശ്രീധരൻപിള്ള, എൻ. നൗഷാദ്, ഡി. ബാബു, ദിലീപ് മംഗലഭാനു, കിളികൊല്ലൂർ ശ്രീകണ്ഠൻ, അഡ്വ. ദീപ, കമലാസനൻ, രാജ്കുമാർ, ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.