കൊട്ടാരക്കര: തെങ്ങുകയറവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളെ ഫയർഫോഴ്സ് രക്ഷിച്ചു. ഉമ്മന്നൂർ പെരുമ്പ കമ്പറ വീട്ടിൽ സുരേഷിനെയാണ് (45) ഫയർഫോഴ്സ് സാഹസികമായി രക്ഷപെടുത്തിയത്. പെരുമ്പ അരുൺകോട്ടേജിൽ വൈ. തങ്കച്ചന്റെ പറമ്പിലെ അറുപതടി ഉയരമുള്ള തെങ്ങിലാണ് സുരേഷ് കയറിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. തെങ്ങിന്റെ മുകളിലെത്തി ഇരിപ്പുറപ്പിച്ച് തേങ്ങയിടുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യമുണ്ടായി. താഴെ വീഴാതെ പിടിച്ചിരുന്നു. തിരിച്ചിറങ്ങാൻ കഴിയില്ലെന്ന് അറിയിച്ചതോടെ നാട്ടുകാർ ഓടിക്കൂടി കൊട്ടാരക്കര ഫയർഫോഴ്സിനെ വിവരമറിയിച്ചു. ലാഡറും റോപ്പും ഉപയോഗിച്ച് വളരെ ശ്രമകരമായിട്ടാണ് ഫയർഫോഴ്സ് സുരേഷിനെ താഴെയെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. അസി.സ്റ്റേഷൻ ഓഫീസർ വി.പി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ എസ്.ശങ്കരനാരായണൻ, ഷിബു.വി.നായർ, ആർ.രാജീവ്, ഡി.സമീർ, പി.പ്രവീൺ, അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.