കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വാളത്തുംഗൽ സ്വദേശി ത്യാഗരാജൻ (74) മരിച്ചതിനൊപ്പം തോട്ടിൽ വീണ് മരിച്ച പള്ളിമൺ സ്വദേശിയായ വയോധിക ഗൗരിക്കുട്ടിക്കും(75) ഇന്നലെ പോസ്റ്റ്മോർട്ടത്തിന് മുമ്പ് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ കൊവിഡ് മരണം നാലായി.
അത്യാസന്ന നിലയിൽ സ്വകാര്യ ആശുപത്രിയിൽ കഴിയുമ്പോഴാണ് ത്യാഗരാജന് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പ്ലാസ്മാ തെറാപ്പി അടക്കം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. കഴിഞ്ഞമാസം 23ന് ത്യാഗരാജനെ കൊല്ലം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആ സമയം അവിടെ ചികിത്സയിലുണ്ടായിരുന്ന കായംകുളം സ്വദേശിയായ വയോധികന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ ത്യാഗരാജൻ അടക്കമുള്ള രോഗികൾ വീട്ടിലേക്ക് മടങ്ങി. വീണ്ടും രോഗം മൂർച്ഛിച്ചതോടെയാണ് ഈ മാസം ആറിന് അതേ ആശുപത്രിയിലേക്ക് ത്യാഗരാജനെ വീണ്ടും കൊണ്ടുപോയത്. ഈമാസം 9നാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രമേഹത്തിന് പുറമേ, വൃക്ക, കരൾ, ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു. നാല് ദിവസം മുൻപ് മരിച്ച കായംകുളം സ്വദേശിയായ വയോധികനിൽ നിന്നാണ് ത്യാഗരാജന് കോവിഡ് പടർന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
ഗൗരിക്കുട്ടിയുടെ ഉറവിടം വ്യക്തമല്ല
ഗൗരിക്കുട്ടിയെ വെള്ളിയാഴ്ച് രാവിലെ 11 മണിയോടെയാണ് വീടിന് സമീപമുള്ള ചിറ്റുമല ക്ഷേത്രത്തിന് താഴെയുള്ള തൊട്ടിക്കര തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് എവിടെ നിന്നാണ് രോഗം പടർന്നതെന്ന് വ്യക്തമല്ല. കാൽവഴുതി വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ നൂറിലേറെ പേരുണ്ട്. ഇവർക്ക് എവിടെ നിന്നാണ് രോഗം പടർന്നതെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
നേരത്തേ മരിച്ചവർ
കാവനാട്, അരവിള, കാളച്ചേഴത്ത് വീട്ടിൽ സേവ്യർ (63), മയ്യനാട് ജന്മകുളം പുളിമൂട്ടിൽ ഹൗസിൽ വസന്തകുമാർ (68) എന്നിവരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് നേരത്തേ മരിച്ച രണ്ട് പേർ. ഗൗരിക്കുട്ടിയെപ്പോലെ മരിച്ചതിന് ശേഷം പോസ്റ്റ്മോർട്ടത്തിന് മുൻപാണ് സേവ്യറിന് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ എവിടെ നിന്നാണ് പടർന്നതെന്ന് വ്യക്തമല്ല. ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയ വസന്തകുമാർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കൊവിഡ് മരണത്തിൽ ജില്ല മൂന്നാം സ്ഥാനത്ത്
കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ ജില്ല മൂന്നാം സ്ഥാനത്താണ്. 6 പേർ മരിച്ച തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. മലപ്പുറത്ത് അഞ്ച് പേർ മരിച്ചു. കൊല്ലത്തേതിന് സമാനമായി കണ്ണൂർ, തൃശൂർ ജില്ലകളിലും നാല് പേർ വീതം മരിച്ചിട്ടുണ്ട്.
ജില്ല, മരണസംഖ്യ
തിരുവനന്തപുരം: 6
മലപ്പുറം: 5
കണ്ണൂർ: 4
തൃശ്ശൂർ: 4
കൊല്ലം: 4