അമ്മയും പിഞ്ചു കുഞ്ഞുങ്ങളും ഉൾപ്പെടെ അഞ്ച് പേർക്ക് കൂടി ഇന്നലെ കൊവിഡ്
കൊല്ലം: ശാസ്‌താംകോട്ടയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്ക രോഗ ബാധിതരുടെ എണ്ണം 26 ആയി ഉയർന്നു. ജൂലായ് ആറിന് കൊവിഡ് 19 സ്ഥിരീകരിച്ച ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യവ്യാപാരിയായ പള്ളിശേരിക്കൽ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണ് രോഗ ബാധിതർ. ഇന്നലെ രോഗം സ്ഥിരീകരിച്ച രാജഗിരി, മനക്കര സ്വദേശികളിൽ ആഞ്ഞിലിമൂട് ചന്തയിലെ വ്യാപാരിയും ഏഴാംമൈൽ പെട്രോൾ പമ്പിലെ ജീവനക്കാരനും ഉൾപ്പെടുന്നു. രാജഗിരി സ്വദേശിയായ യുവതി, അവരുടെ മൂന്നും ഒന്നും വയസുള്ള കുഞ്ഞുങ്ങൾ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ജൂലായ് ആറിന് രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാരിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇദ്ദേഹം ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച മറ്റുള്ളവരുടെ ആരോഗ്യ നില നിലവിൽ തൃപ്‌തികരമാണ്. ശാസ്താംകോട്ടയിൽ തങ്ങിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉന്നത മെഡിക്കൽ സംഘം മടങ്ങി.
194 പേർക്ക് ആന്റിജൻ പരിശോധന
ശാസ്താംകോട്ടയിൽ രോഗ ബാധിതരുടെ എണ്ണമുയരുന്ന സാഹചര്യത്തിൽ സമൂഹ വ്യാപനത്തിന്റെ സാദ്ധ്യത അറിയാൻ പരമാവധി ആന്റിജൻ പരിശോധന നടത്തുകയാണ് ആരോഗ്യ വകുപ്പ്. ഇന്നലെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ 194 പേർക്ക് ആന്റിജൻ പരിശോധന നടത്തി. പരിശോധന നടത്തണമെന്ന ആവശ്യവുമായി താലൂക്കിലെ നൂറുകണക്കിന് പേരാണ് ഹെൽത്ത് ഇൻസ്പെക്ടമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ബന്ധപ്പെടുന്നത്. ഇവർക്കെല്ലാം ഫോണിലൂടെ തന്നെ പരിശോധനയ്ക്ക് എത്തേണ്ട സമയം അനുവദിച്ച് നൽകുന്നുണ്ട്. ശാസ്താംകോട്ട താലൂക്ക് ആശുപത്രി, ശൂരനാട് സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ഇന്ന് ആകെ മൂന്നൂറ് പേർക്ക് ആന്റിജൻ പരിശോധന നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വിമർശനങ്ങൾ ഉയർന്നതോടെ താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കെത്തുന്നവർക്ക് ഇന്നലെ കൃത്യമായ സാമൂഹിക അകലം ഉറപ്പ് വരുത്തി.
ശാസ്താംകോട്ട പഞ്ചായത്തിൽ 24 രോഗികൾ
ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ള പഞ്ചായത്തായി നാല് ദിവസത്തിനുള്ളിൽ ശാസ്താംകോട്ട മാറി. വരും ദിനങ്ങളിലും രോഗ ബാധിതരുടെ എണ്ണം ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പോരുവഴിയിലും കൊവിഡ് ആശങ്ക
കൊവിഡ് സ്ഥിരീകരിച്ച മെത്ത -കർട്ടൻ വ്യാപാരിയായ പോരുവഴി കമ്പലടി സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരെയും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പരമാവധി ആളുകളെ ആന്റിജെൻ പരിശോധനയ്ക്ക് വിധേയമാക്കും. രോഗ വ്യാപന സാദ്ധ്യത ഒഴിവാക്കാൻ ആരോഗ്യ വകുപ്പിന്റെ കൂട്ടായ ഇടപെടൽ നടക്കുകയാണ്.
പോരുവഴിയും ശാസ്‌താംകോട്ടയും അടച്ച് പൂട്ടി
രോഗികളുടെ എണ്ണം ഉയരുന്നതിനാൽ പോരുവഴി, ശാസ്‌താംകോട്ട പഞ്ചായത്തുകളിലെ കണ്ടെയ്മെന്റ് സോൺ നിയന്ത്രണങ്ങൾ കർശനമാക്കി. ആരെയും പുറത്തേക്ക് പോകാനും പുറത്തുള്ളവർ രോഗ ബാധിത മേഖലകളിൽ പ്രവേശിക്കാനും അനുവദിക്കുന്നില്ല. പടിഞ്ഞാറെകല്ലട, മൈനാഗപ്പള്ളി, ശൂരനാട് തെക്ക് പഞ്ചായത്തുകളിലും നിയന്ത്രണം തുടരുകയാണ്.
താലൂക്ക് ആശുപത്രിയിലെ കൊവിഡ് പരിശോധന
മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് ഇന്നലെ പരിശോധനയ്ക്ക് സമയം അനുവദിച്ചത്. 179 ആളുകൾ ആന്റിജൻ പരിശോധനയ്ക്ക് വിധേയരായപ്പോൾ രോഗലക്ഷണങ്ങളുള്ള 15 പേർ സ്രവ പരിശോധന നടത്തി.
ഇന്നത്തെ പരിശോധനാ സമയം
ശാസ്താംകോട്ട : രാവിലെ 9.30 - 11.30
പോരുവഴി: രാവിലെ 11.30-12.30
പടിഞ്ഞാറെ കല്ലട / ശൂരനാട് തെക്ക് / കുന്നത്തൂർ : ഉച്ചയ്ക്ക് 12.30- 1.00
മൈനാഗപ്പള്ളി: ഉച്ചയ്ക്ക് 1.00 - 2
(നിർദ്ദിഷ്ട സമയത്തിന് അര മണിക്കൂർ മുമ്പ് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യണം)