കൊല്ലം: മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയർത്തുന്നതിനായി തീരദേശ വികസന പദ്ധതികൾക്ക് സർക്കാർ പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. പെരിനാട് പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ ആറ് തീരദേശ റോഡുകളുടെ ഉദ്ഘാടനവും ഒരു റോഡിന്റെ നിർമ്മാണോദ്ഘാടനവും ചേറ്റ്കടവ് കായലോരത്തെ നാന്തിരിക്കൽ-കൈതാക്കോടി റോഡിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കാഞ്ഞിരോട്, അഷ്ടമുടി, കുതിരമുനമ്പ്, പടപ്പക്കര, കുമ്പളം എന്നീ തീരദേശ മേഖലകളിലെ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി കരിമീൻ വളർത്തൽ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ശോഭ, മുൻ പ്രസിഡന്റ് സി. സന്തോഷ്, പെരിനാട് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ എസ്. ശ്രീകുമാരി, പഞ്ചായത്തംഗങ്ങളായ മുഹമ്മദ് ജാഫി, ഷീന ലോപ്പസ്, കയർഫെഡ് ഡയറക്ടർ ബോർഡ് അംഗം എസ്.എൽ. സജികുമാർ, ഹാർബർ എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ ഇ. ലിൻഡ, സുമയ്യ തുടങ്ങിയവർ പങ്കെടുത്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ പെരിനാട് പഞ്ചായത്തിലെ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.
3.35 കോടി രൂപയുടെ പദ്ധതി
മത്സ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 3.35 കോടി രൂപ ചെലവിൽ ഹാർബർ എൻജിനീയറിംഗ് വകുപ്പാണ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. നാന്തിരിക്കൽ-കൈതാകോടി തീരദേശറോഡ്(2 കോടി), കേരളപുരം-ചെറുമൂട് റോഡ്(45 ലക്ഷം), ശിവൻമുക്ക്-പി.എച്ച്.സി റോഡും അനുബന്ധ റോഡും (40 ലക്ഷം വീതം), സെന്റ് ജോർജ് ചർച്ച്-കൈതാകോടി റോഡ് (10 ലക്ഷം), നാന്തിരിക്കൽ-കെ.പി കമ്പനി റോഡ്(7 ലക്ഷം) എന്നിവയുടെ ഉദ്ഘാടനവും നവജ്യോതി-സ്റ്റാർച്ച് ഫാക്ടറി റോഡിന്റെ (33 ലക്ഷം) നിർമ്മാണോദ്ഘാടനവുമാണ് നടന്നത്. മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രയോജനമുള്ള സംരക്ഷണ ഭിത്തി, ഗാർഡ് സ്റ്റോൺ, 11 ക്രോസ് ഓടകൾ എന്നിവയുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. കുണ്ടറ മണ്ഡലത്തിൽ 38 കോടിയുടെയും പെരിനാട് പഞ്ചായത്തിൽ 24 കോടിയുടെയും റോഡ് നിർമ്മാണവും പൂർത്തിയായിട്ടുണ്ട്.