paripalli
അറസ്റ്റിലായ രാഹുലും അനുവും

കൊല്ലം: പാരിപ്പള്ളിയിൽ യുവതിയെയും കുടുംബത്തെയും ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതികളെ പൊലീസ് കീഴ്പ്പെടുത്തി. നടയ്ക്കൽ അശ്വതി ഭവനത്തിൽ അപ്പൂട്ടി എന്ന് വിളിക്കുന്ന രാഹുൽ രാജ് (23), വിളവൂർക്കോണം ചരുവിള പുത്തൻവീട്ടിൽ കൊച്ചുണ്ണി എന്ന് വിളിക്കുന്ന അനുമോഹൻ (23) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച വൈകിട്ട് ആറരയോടെ കുഴിവേലി കിഴക്കുകരയിൽ വീടിനടുത്തുള്ള കടയിൽ പോകുകയായിരുന്ന യുവതിയെ മുൻവൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ ബൈക്കിലെത്തിയാണ് ആക്രമിച്ചത്. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരനെ കമ്പിവടി കൊണ്ട് അടിച്ചുവീഴ്ത്തി കവിളിൽ കമ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ബഹളം കേട്ടെത്തിയ യുവതിയുടെ മാതാവിനെയും പ്രതികൾ ചവിട്ടിവീഴ്ത്തി. അമ്മയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച യുവതിയുടെ കയ്യിൽ കുത്തി പരിക്കേൽപ്പിച്ചതിനൊപ്പം തലയിലും ദേഹത്തും കമ്പിവടികൾ ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു. പിതാവിനെയും കമ്പിവടി കൊണ്ട് അടിച്ചുവീഴ്ത്തി. വിവരമറിഞ്ഞെത്തിയ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് അക്രമികളെ കീഴ്പ്പെടുത്തിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.