ഉറവിടം അറിയാത്ത രോഗികൾ, സമ്പർക്ക രോഗികൾ എന്നിവയിൽ വർദ്ധനവ്
കൊല്ലം: കൊവിഡ് സമ്പർക്ക രോഗികളുടെയും ഉറവിടം അറിയാത്ത രോഗികളുടെയും എ
ണ്ണം ജില്ലയിൽ വർദ്ധിക്കുന്നു. കല്ലടയാറ്റിൽ മുങ്ങി മരിച്ച നെടുമ്പന സ്വദേശിയായ ഗൗരിക്കുട്ടിക്ക് (75) കൊവിഡ് സ്ഥിരീകരിച്ചതിനെ അതീവ ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ഇവർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. മൃതദേഹത്തിന്റെ സ്രവ പരിശോധനയിൽ മാത്രമാണ് രോഗബാധ കണ്ടെത്താനായത്.
ജില്ലയ്ക്ക് പുറത്തേക്ക് പോലും യാത്ര പോയിട്ടില്ലാത്ത, രോഗ ബാധിതരുമായി സമ്പർക്കമില്ലാത്ത പലർക്കും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചു. ഇന്നലെ സമ്പർക്കത്തിലൂടെയാണ് ജില്ലയിൽ അഞ്ച് പേർക്കും രോഗബാധയുണ്ടായത്.
കുന്നത്തൂർ താലൂക്കിൽ ഏറ്റവും കൂടുതൽ ആളുകൾ ദിവസവും എത്തുന്ന ശാസ്താംകോട്ട ആഞ്ഞിലിമൂട് ചന്ത കൊവിഡ് പ്രഭവ കേന്ദ്രമായി മാറി. ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യവ്യാപാരിയുടെ സമ്പർക്കത്തിൽ നിന്ന് ഇതുവരെ 26 പേർക്കാണ് കുന്നത്തൂരിൽ രോഗം ബാധിച്ചത്.
ജില്ലയിലെ കണ്ടെയ്മെന്റ് സോണുകൾ
1. ശാസ്താംകോട്ട പഞ്ചായത്തിലെ എല്ലാ വാർഡുകളും
2. പോരുവഴി പഞ്ചായത്തിലെ എല്ലാ വാർഡുകളും
3. ചവറ പഞ്ചായത്താകെ
3. പന്മന പഞ്ചായത്താകെ
4. കൊല്ലം കോർപ്പറേഷനിലെ മുളങ്കാടകം ഡിവിഷൻ
5. കൊട്ടാരക്കര നഗരസഭയിലെ മുസ്ലിം സ്ട്രീറ്റ്, ചന്തമുക്ക്, പഴയ തെരുവ്, കോളേജ്, പുലമൺ വാർഡുകൾ
6. തേവലക്കര പഞ്ചായത്തിലെ 3, 5, 7, 8, 9, 10 വാർഡുകൾ
7. തെന്മല പഞ്ചായത്തിലെ ഏഴാം വാർഡ്
8. മേലില പഞ്ചായത്തിലെ പതിനഞ്ചാം വാർഡ്
9. കരുനാഗപ്പള്ളി നഗരസഭയിലെ 15-ാം ഡിവിഷൻ
10. മൈനാഗപ്പള്ളി പഞ്ചായത്തിലെ 7,8,9,11 വാർഡുകൾ
11. പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ 1,3 വാർഡുകൾ
12. ശൂരനാട് തെക്ക് പഞ്ചായത്തിലെ 10, 13 വാർഡുകൾ
13. ക്ലാപ്പന പഞ്ചായത്തിലെ ഒന്നാം വാർഡ്
14. നീണ്ടകര പഞ്ചായത്തിലെ എട്ടാം വാർഡ്
15. നെടുമ്പന പഞ്ചായത്തിലെ 4,6 വാർഡുകൾ
യാത്രകളും ആഘോഷങ്ങളും ഒഴിവാക്കണം
കൊവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്ന സാഹചര്യത്തിൽ പരമാവധി യാത്രകൾ ഒഴിവാക്കണം. വിവാഹം, ആഘോഷങ്ങൾ തുടങ്ങിയ ചടങ്ങുകളിലെ പങ്കാളിത്തം കുറയ്ക്കണം. ചന്തകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ തിരക്കൊഴിവാക്കാൻ സ്വയം നിയന്ത്രണം അത്യാവശ്യമാണ്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്. ജനങ്ങളുടെ സഹകരണവും സ്വയം നിയന്ത്രണവും ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന ഭയം ജില്ലാ ഭരണകൂടത്തിനുണ്ട്. ചവറ, പന്മന, ശാസ്‌താംകോട്ട മേഖലകളിൽ സമ്പർക്ക രോഗബാധിതരുടെ എണ്ണം ഉയരുന്നതിനാൽ പൂർണമായ കണ്ടെയ്മെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചന്തകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം ഉറപ്പ് വരുത്തണമെന്ന മുന്നറിയിപ്പ് ജില്ലയിലെങ്ങും പാലിക്കപ്പെട്ടിരുന്നില്ല.
ജനങ്ങളുടെ നിയന്ത്രണവും സഹകരണവും അനിവാര്യമാണ്. സാമൂഹിക അകലം ഉറപ്പ് വരുത്തിയേ മതിയാകൂ.
ബി.അബ്ദുൽ നാസർ, ജില്ലാ കളക്ടർ
സാമൂഹിക അകലം