തൊടിയൂർ: വീടിന്റെ ദൈന്യത കാരണം ഇരുന്നു പഠിക്കാനും കിടന്നുറങ്ങാനും കഴിയാതെ വിഷമിച്ച സഹോദരിമാരായ കല്ലേലിഭാഗം മീനത്തേപടീറ്റതിൽ അനിതയുടെയും സനിതയുടെയും വീട് കല്ലേലിഭാഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നവീകരിച്ചു നൽകും. ചോർന്നൊലിക്കുന്ന വീട്ടിൽ മുത്തശ്ശിക്കൊപ്പം കഴിയുന്ന പ്ലസ് ടു, എസ്. എസ് .എൽ. സി വിദ്യാർത്ഥികളായ അനിതയുടെയും സനിതയുടെയും കഥ കഴിഞ്ഞ 26ന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.ഇതിനെത്തുടർന്നാണ് വീട് നവീകരിച്ചു കൊടുക്കാൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചത്. ഇതിനായി ആദ്യഗഡു തുക കല്ലേലിഭാഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.രമണൻ കുട്ടികളുടെ മുത്തശ്ശിയായ ആനന്ദവല്ലിക്ക് കൈമാറി. കെ പി സി സി ജനറൽ സെക്രട്ടറി സി.ആർ.മഹേഷ്, ബ്ലോക്ക് പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റ് മണ്ണേൽ നജീബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പഠനച്ചെലവുകൾക്കും ബുദ്ധിമുട്ടനുഭവിക്കുന്ന ഈ കുട്ടികളെ സഹായിക്കാൻ താല്പര്യമുള്ള സുമനസുകൾക്ക് നേരിട്ടോ, എൻ.രമണന്റെ പേരിൽ കാനറ ബാങ്കിന്റെ കരുനാഗപ്പള്ളി ശാഖയിലെ എസ് .ബി.2896101000120, ഐഎഫ്എസ് സി:സി എൻ ആർ ബി 0002896 എന്ന അക്കൗണ്ട് നമ്പരിലേക്കോ സഹായങ്ങൾഎത്തിക്കാം.