mosh

കൊല്ലം: കൊവിഡ് കാലത്തും കിഴക്കേ കല്ലടയിൽ മോഷണം പതിവ്. ഇതോടെ നാട്ടുകാർ കടുത്ത ആശങ്കയിലായി.

കിഴക്കേ കല്ലട സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന് സമീപമുള്ള മണിലാൽ മന്ദിരത്തിൽ മണിലാലിന്റെ ഉടമസ്ഥതയിലുള്ള കൈരളി ട്രേഡേഴ്സിൽ കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നു. കടയുടെ ഗ്രില്ലും ഷട്ടറും പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ പണവും സാധന സാമഗ്രികളും അപഹരിച്ചു.

സമാനരീതിയിൽ സമീപത്ത് തന്നെയുള്ള ചന്ദ്രാലയത്തിൽ ചന്ദ്രനാഥൻപിള്ളയുടെ കടയിലും മോഷണം നടന്നു. സാധനങ്ങളും നാൽപ്പതിനായിരത്തിലധികം രൂപയും നഷ്ടമായി.

വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരെ അടിയന്തരമായി കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റുമല യൂണിറ്റും കിഴക്കേക്കല്ലട അതിജീവനം കൂട്ടായ്മയും ആവശ്യപ്പെട്ടു. കാർഷിക വിളകളുടെ മോഷണവും പതിവായുണ്ട്. മരച്ചീനിയും വാഴക്കുലയും പച്ചക്കറികളുമൊക്കെ മോഷണം പോയതായി നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസിന് ലഭിച്ചത്.