കൊല്ലം:ഇലക്ട്രോണിക് വേസ്റ്റ് ഉപയോഗിച്ച് ഹാൻഡ്സ് ഫ്രീ സാനിറ്റൈസർ ഡിസ്പെൻസർ നിർമ്മിച്ച് മാതൃകയായി പെരുമൺ എൻജിനിയറിംഗ് കോളേജിലെ എൻ.എസ്.എസ് വോളന്റിയേഴ്സ്. എസ്. അഭിജിത്ത്, അഭിരാജ് എം. സുനിൽ, എ.ആർ. അനുരാഗ്, എസ്.ആർ. അഖിൽരാജ്, വി.എസ്. ജിഷ്ണു, എസ്. ജിതിൻദേവ് എന്നിവർ ചേർന്നാണ് മെഷീൻ നിർമ്മിച്ചത്. കൊവിഡിനെ പ്രതിരോധിക്കാൻ കരസ്പർശമില്ലാതെ പ്രവർത്തിക്കുന്ന സാനിറ്റൈസർ ഡിസ്പെൻസർ കുറഞ്ഞ ചെലവിൽ നിർമ്മിക്കണമെന്ന ആശയമാണ് ഇവർക്ക് പ്രചോദനമായത്. ചെലവ് ചുരുക്കുന്നതിനായാണ് ഇലക്ട്രോണിക് വേസ്റ്റ് ഉപയോഗിക്കാൻ തീരുമാനിച്ചത്.
കോളേജിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ മെഷീന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഇസഡ്.എ. സോയ, കേപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബേബി ഐസക്, പ്രോഗ്രാം ഓഫീസർമാരായ അജിഷ, ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു. മന്ത്രിയുടെ അഭ്യർത്ഥന പ്രകാരം കൂടുതൽ മെഷീനുകൾ പൊതുജനങ്ങൾക്ക് നിർമ്മിച്ചുനൽകുമെന്ന് വോളന്റിയർമാർ അറിയിച്ചു.