കൊല്ലം: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ - കാരാളിമുക്ക് റോഡ് മുന്നറിയിപ്പില്ലാതെ അടച്ചതോടെ റെയിൽവേ ജീവനക്കാർ വലഞ്ഞു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ടാണ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാന പാതയായ ചവറ - ശാസ്താംകോട്ട റോഡിലേക്ക് പ്രവേശിക്കുന്ന റോഡുകൾ പൂർണമായും അടച്ചത്. ഇതു മൂലംരാത്രി ജോലിക്ക് എത്തേണ്ട ജീവനക്കാരും ജോലി കഴിഞ്ഞ് മടങ്ങേണ്ട ജീവനക്കാരും ദുരിതത്തിലായി. മറ്റു റെയിൽവേ സ്റ്റേഷനുകളിൽ ജോലിക്കു പോകേണ്ട ജീവനക്കാർക്ക് റെയിൽവേ ഏർപ്പെടുത്തിയ പ്രത്യേക ട്രെയിൻ നഷ്ടമായതോടെ ഇവർ കൂടുതൽ ദുരിതത്തിലായി. പുലർച്ചെ 5:30 ന് എറണാകുളം ഭാഗത്തേക്കും 6 ന് തിരുവനന്തപുരം ഭാഗത്തേക്കും 8 ന് കോട്ടയം ഭാഗത്തേക്കുമുള്ള പ്രത്യേക ട്രെയിനുകളാണ് ഇങ്ങനെ നഷ്ടമായത്. റോഡ് അടയ്ക്കുന്നത് സംബന്ധിച്ച് റെയിൽവേ സ്റ്റേഷനിൽ അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നിയന്ത്രണങ്ങൾ വേണ്ടതാണെങ്കിലും റോഡ് ഗതാഗതം പൂർണമായും തടയുന്നത് ഒഴിവാക്കണമെന്നാണ് പൊതു ആവശ്യം.