pregnant

പലതരം ഫോട്ടോഷൂട്ടുകൾ കണ്ടിട്ടുണ്ട്... എന്നാൽ ഇങ്ങനെയൊന്ന്....! പണ്ടൊക്കെ വിവാഹം, വിവാഹ നിശ്ചയം, പിറന്നാൾ ഇതൊക്കെയാണ് ഫോട്ടോഷൂട്ടുകൾക്ക് കാരണമായിരുന്നതെങ്കിൽ ഇപ്പോൾ പ്രസവകാലം മനോഹരമായ ഫ്രെയിമുകളാക്കി മാറ്റുന്നവരുടെ എണ്ണം കൂടി വരികയാണ്. അങ്ങനെയൊരു മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറൽ. ബെത്താനി കറുലാക്ക് ബേക്കർ എന്ന യുവതിയാണ് ഫോട്ടോഷൂട്ടിലെ നായിക. നൂറുകണക്കിന് തേനീച്ചകളെ കൊണ്ട് വയർ പൊതിഞ്ഞായിരുന്നു ബെത്താനിയുടെ ഫോട്ടോഷൂട്ട്.

ബ്രൂക്ക് വെയിൽ എന്ന ഫോട്ടോഗ്രാഫറാണ് അസാധാരണമായ ഈ ഫോട്ടോകൾ എടുത്തത്. ഫോട്ടോ സമൂഹമാദ്ധ്യമത്തിൽ വൈറലായതോടെ നിരവധി പേരാണ് യുവതിയെ വിമർശിച്ച് രംഗത്തെത്തിയത്. ഇതോടെ തേനീച്ചകളെ വച്ച് ഫോട്ടോഷൂട്ട് എടുത്തത് എങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നും വിശദീകരിച്ച്‌ ഫേസ്ബുക്കിൽ ഒരു കുറിപ്പും യുവതി പങ്കുവച്ചിട്ടുണ്ട്. ബെത്താനിക്ക് തേനീച്ചകളുമായുള്ള അടുപ്പം വളരെക്കാലം മുമ്പേ തുടങ്ങി. റാണിതേനീച്ചയെ ഒരു ചെറിയ കൂടിലാക്കി വയറിനോടു ചേർത്തു വച്ചുവെന്നും ഇതോടെയാണ് ബാക്കി തേനീച്ചകളെല്ലാം ചുറ്റും നിരന്നതുമെന്നും യുവതി പറയുന്നു. ഡോക്ടറുടെ അനുമതിയോടെയാണ് ഇത്തരത്തിൽ പോസ് ചെയ്തതെന്നും യുവതി കുറിക്കുന്നു.

ഇതു വെറുതെ തേനീച്ചകളെ വയറിൽ വച്ചെടുത്ത ഗർഭിണിയുടെ ചിത്രമല്ല എന്നു പറഞ്ഞാണ് യുവതിയുടെ കുറിപ്പ്. ഒരുവർഷം മുമ്പ് തന്റെ ഗർഭം അലസിയിരുന്നുവെന്നും ആ ആഘാതത്തിൽ നിന്നു മുക്തയാകാൻ ഏറെകാലമെടുത്തുവെന്നും യുവതി പറയുന്നു. മാസങ്ങൾക്കു ശേഷം വീണ്ടും ഗർഭിണിയായപ്പോൾ ഇനിയും അലസിപ്പോകുമോ എന്ന ഭയത്തിൽ ഇക്കാര്യം ആരോടും പറയരുതെന്ന് തീരുമാനിച്ചു. രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും കൊവിഡ് മഹാമാരി ലോകത്തെയാകെ കീഴ്‌പ്പെടുത്തി. മുറിയിൽ തന്നെ ഗർഭകാല ആലസ്യങ്ങളുമായി കഴിഞ്ഞുകൂടുകയായിരുന്നു. എന്നാൽ, ഇതൊക്കെയാണെങ്കിലും ഞങ്ങളുടെ കുടുംബാന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടു എന്നു വേണം കരുതാൻ. ജോലിക്കു പോകാനോ പുറത്തിറങ്ങാനോ കഴിയാത്തതിനാൽ ഭർത്താവ് സദാസമയവും എനിക്കൊപ്പം ചെലവിട്ടു. അദ്ദേഹത്തിന്റെ സ്നേഹവും കരുതലും എന്നെ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മുക്തയാക്കി. എന്തുകൊണ്ടും ഞങ്ങളുടെ കുഞ്ഞിന്റെ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷമായിരുന്നു. അത് എന്നെ സന്തോഷവതിയാക്കി. ഏതാനും ആഴ്ചകൾക്കുള്ളിൽ അവൻ അല്ലെങ്കിൽ അവൾ ഞങ്ങൾക്കൊപ്പം ചേരും. ഒരുപാടു വെല്ലുവിളികളെ അതിജീവിച്ചാണ് ഇതുവരെ എത്തിയത്. അതുകൊണ്ട് ഇതു വെറുമൊരു ചിത്രമല്ല. ഒരിക്കൽ കുഞ്ഞ് ഈ ചിത്രം കാണുമ്പോൾ തന്നിലെ യോദ്ധാവിനെ തിരിച്ചറിയുമെന്നാണ് പ്രതീക്ഷ എന്നും ബെത്താനി കുറിക്കുന്നു.