ryf
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആർ. വൈ. എഫ് നടത്തിയ കളക്ടറേറ്റ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ

 പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കൊല്ലം: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ പ്രതികളെ സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ആർ.വൈ.എഫ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി ആർ.വൈ.എഫ് - പി.എസ്.യു നേതാക്കൾക്ക് പരിക്കേറ്റു.

ആർ.എസ്.പി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം കളക്ടറേറ്റിന്റെ പ്രധാന കവാടത്തിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞു. പൊലീസ് വലയം ഭേദിച്ച് മുദ്രാവാക്യം വിളികളോടെ മുന്നോട്ട് പോകാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് പലതവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. ജലപീരങ്കിയേറ്റ് തെറിച്ചുവീണ പി.എസ്.യു നേതാവ് ബൽറാം സജീവിന്റെ കയ്യിൽ കമ്പി കയറി പരിക്കേറ്റു. നിരവധി പ്രവർത്തകർ ജലപീരങ്കി പ്രയോഗത്തിൽ നിലതെറ്റി വീണു. ബൽറാം സജീവ് ഉൾപ്പെടെ പരിക്കേറ്റ പ്രവർത്തകരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ജലപീരങ്കി പ്രയോഗത്തിന് ശേഷവും കളക്ടറേറ്റിനുള്ളിൽ കടക്കാൻ പ്രവർത്തകർ ശ്രമം നടത്തി.

തുടർന്ന് കളക്ടറേറ്റ് കവാടത്തിൽ സംഘടിച്ച പ്രവർത്തകർ നടത്തിയ ധർണ ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി യു. ഉല്ലാസ് കുമാർ, ഉല്ലാസ് കോവൂർ, ഷമീനാ ഷംസുദ്ദീൻ, വിഷ്ണു മോഹൻ, സെബി സ്റ്റാലിൻ എന്നിവർ സംസാരിച്ചു.