police

 ചവറയിലും പന്മനയിലും ട്രിപ്പിൾ ലോക്ക് ഡൗൺ

കൊല്ലം: കഴിഞ്ഞ ദിവസം ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ചവറ, പന്മന പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണങ്ങൾ. രണ്ട് പ‌ഞ്ചായത്തുകളെയും മൂന്ന് ക്ലസ്റ്ററുകളായി തിരിച്ച് പൊലീസ് നടപടി ഊർജ്ജിതമാക്കി. കൊവിഡ് ബാധിതരുള്ള മേഖലകളാണ് ആദ്യ ക്ലസ്റ്റർ, കൊവിഡ് ബാധിക്കാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളാണ് രണ്ടാം ക്ലസ്റ്റർ. പ്രശ്നങ്ങളൊന്നുമില്ലാത്ത സ്ഥലങ്ങളാണ് മൂന്നാം ക്ലസ്റ്ററിൽ. ആദ്യ രണ്ട് ക്ലസ്റ്ററുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചിരിക്കുകയാണ്. ഇവിടങ്ങളിൽ ജനങ്ങളെ നിരത്തിലേക്ക് ഇറങ്ങാൻ പോലും അനുവദിക്കില്ല. മൂന്നാം ക്ലസ്റ്ററിൽ വളരെ അത്യാവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം പുറത്തേക്കിറങ്ങിയ ശേഷം അപ്പോൾ തന്നെ തിരികെ മടങ്ങിയെത്തണം. ജനങ്ങൾ പുറത്തേക്കിറങ്ങുന്നത് പരമാവധി ഒഴിവാക്കാനുള്ള നടപടിയാണ് സ്വീകരിച്ച് വരുന്നത്.

പൊലീസ് ഇടപെടൽ

ആദ്യ ക്ലസ്റ്റർ

കൊവിഡ് ബാധിതരുള്ള മേഖലകൾ

രണ്ടാം ക്ലസ്റ്റർ

കൊവിഡ് ബാധിക്കാനിടയുള്ള പ്രദേശം

മൂന്നാം ക്ലസ്റ്റ‌ർ

പ്രശ്നങ്ങളില്ലാത്ത സ്ഥലങ്ങൾ

ലോക്കായി സർക്കാർ ഒാഫീസുകൾ

സർക്കാർ ഓഫീസുകളെല്ലാം ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിക്കുന്നത് വരെ അടച്ചിടും. റവന്യൂ ഓഫീസുകൾ, കുടിവെള്ള വിതരണം, പാചക വാതക വിതരണം തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമല്ല. പൊലീസിന് പുറമേ ആരോഗ്യവകുപ്പ് സംഘങ്ങളും ഈ മേഖലയിൽ പരിശോധനയും ബോധവത്കരണവും നടത്തുന്നുണ്ട്.

അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കും

മൂന്ന് മേഖലകളിലും അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാൻ സന്നദ്ധസംഘടനാ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യ രണ്ട് ക്ലസ്റ്ററിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ ഒരു വ്യാപാര സ്ഥാപനവും തുറക്കാൻ അനുവദിച്ചില്ല. പൊലീസ് വാഹനഗതാഗതവും തടയുന്നുണ്ട്. ഇവിടുത്തെ എല്ലാ കുടുംബങ്ങൾക്കും വരും ദിവസങ്ങളിൽ അഞ്ച് കിലോ അരി വീതം സൗജന്യമായി നൽകിയേക്കും.