സാമൂഹിക അകലം മറന്നു, ശാസ്താംകോട്ട വിറയ്ക്കുന്നു
കൊല്ലം: ലോകമെങ്ങുമുള്ള കൊവിഡ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രം ചൈനയിലെ വുഹാൻ മാർക്കറ്റാണെങ്കിൽ ശാസ്‌താംകോട്ടയിലെ തീവ്രവ്യാപനത്തിന് ഇടയാക്കിയത് ആഞ്ഞിലിമൂട് ചന്തയിലെ അനിയന്ത്രിത തിരക്കാണ്. ജൂലായ് 6ന് രോഗം സ്ഥിരീകരിച്ച ശാസ്താംകോട്ട ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യവ്യാപാരിയായ പള്ളിശേരിക്കൽ സ്വദേശിയുടെ (52) സമ്പർക്കത്തിലൂടെ അഞ്ച് ദിവസത്തിനുള്ളിൽ 39 പേർക്കാണ് കൊവിഡ് ബാധിച്ചത്.
വരും ദിവസങ്ങളിൽ രോഗ ബാധിതരുടെ എണ്ണം ഉയരുമെന്ന കാര്യം ആരോഗ്യ വകുപ്പും സമ്മതിക്കുന്നു. മത്സ്യവ്യാപാരിക്ക് കൊവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. കായംകുളത്തും അഴീക്കലും പോയി മത്സ്യമെടുത്തിരുന്ന ഇദ്ദേഹത്തിന് അവിടെ നിന്ന് രോഗം ബാധിച്ചതാകാമെന്ന പ്രാഥമിക വിലയിരുത്തൽ മാത്രമേ ഇപ്പോഴുമുള്ളൂ. ഇദ്ദേഹത്തിന്റെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ അധികവും ചന്തയിലെ മത്സ്യവ്യാപാരികളാണ്. അതിനാൽ രോഗ ബാധിതരുടെ സമ്പർക്ക പട്ടികകൾ അതി സങ്കീർണമാവുകയാണ്.
ജൂൺ 20 മുതൽ ആഞ്ഞിലിമൂട് ചന്ത അടപ്പിച്ചത് വരെ ഇവിടെ എത്തിയ എല്ലാവരും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. ശാസ്താംകോട്ടയ്‌ക്ക് പുറമെ അടൂർ, കടമ്പനാട്, പുത്തൂർ, കൊട്ടാരക്കര, ചക്കുവള്ളി, ശൂരനാട് ഭാഗങ്ങളിലെ ആയിരങ്ങൾ ചന്തയിൽ വന്ന് പോയിട്ടുണ്ടാകാം. രാവിലെ പത്തോടെ സജീവമാകുന്ന ചന്തയിൽ നൂറോളം വ്യാപാരികൾ തന്നെയുണ്ട്. ഉച്ചയ്‌ക്ക് ശേഷമാണ് തിരക്കൊഴിയുക. അപ്പോഴേക്കും പലപ്പോഴായി ആയിരത്തിലേറെ ആളുകൾ ചന്തയിൽ വന്ന് പോയിട്ടുണ്ടാകും.
ചന്തയിൽ കിട്ടാത്തതൊന്നുമില്ല
ശാസ്താംകോട്ടയിലെയും അഷ്ടമുടിയിലെയും കായൽ വിഭവങ്ങൾ, കടൽ മത്സ്യങ്ങൾ, ഞണ്ട്, കക്ക, പോത്തിറച്ചി, കോഴി ഇറച്ചി, ഉണക്ക മത്സ്യങ്ങൾ, കോഴി - താറാവ് മുട്ട തുടങ്ങി പച്ചക്കറിയും തേങ്ങയും മരച്ചീനിയും വരെ ചന്തയിൽ കിട്ടാത്തതൊന്നുമില്ല. വട്ടയിലയിൽ കാന്താരി മുളകുമായി വിൽപ്പനയ്ക്ക് ഇരിക്കുന്ന അമ്മമാരുടെ മുതൽ വൻകിട മത്സ്യവ്യാപാരികളുടെ വരെ ജീവിത ആശ്രയമാണ് ചന്ത. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്ന് തുടങ്ങിയതോടെ കിട്ടുന്നതെന്തും വാങ്ങാൻ ജനം ഇടിച്ച് കയറി. ആദ്യ ഘട്ടത്തിൽ പരാതികൾ ഉയർന്നപ്പോൾ പഞ്ചായത്തും ആരോഗ്യ വകുപ്പും ഇടപെട്ട് വ്യാപാരികളെ പലയിടങ്ങളിലായി വിന്യസിച്ചെങ്കിലും തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. സാമൂഹിക അകലം ഒരു ഘട്ടത്തിലും ചന്തയിൽ ഉറപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.
ശാസ്‌താംകോട്ടയിൽ മാത്രം 27 രോഗികൾ
ശാസ്‌താംകോട്ട പഞ്ചായത്തിൽ മാത്രം 27 കൊവിഡ് രോഗികളുണ്ട്. ജില്ലയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. സമീപ പഞ്ചായത്തുകളായ പോരുവഴി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക് പഞ്ചായത്തുകളിലും സമ്പർക്ക രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇതോടെ കുന്നത്തൂരിലാകെ ജനങ്ങൾ ആശങ്കയിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നെത്തിയ ഉന്നത മെഡിക്കൽ സംഘം കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു.