സമൂഹവ്യാപനം വർദ്ധിക്കുന്നത് ഗൗരവകരം
കൊല്ലം: കൊവിഡിനെ കീഴടക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണും കണ്ടെയ്ൻമെന്റ് സോണുമൊക്കെ പ്രഖ്യാപിച്ച് മുന്നോട്ട് പോകുമ്പോഴും കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ആശങ്ക കനക്കുന്നു. സമൂഹവ്യാപനം ഓരോ ദിവസവും കൂടുന്നത് അതീവ ഗൗരവകരമാണ്.
ചവറയും പന്മനയും ട്രിപ്പിൾ ലോക്ക്ഡൗണാക്കിയതും തീരദേശത്ത് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നതും വ്യാപനം തടയുന്നതിനാണെങ്കിലും ഉറവിടം കണ്ടെത്താത്ത കൊവിഡ് കേസുകളാണ് വില്ലനായിരിക്കുന്നത്.
ശ്രവ പരിശോധനയിലും ആന്റിജൻ ടെസ്റ്റിലും നിത്യേന രോഗികളുടെ എണ്ണം ഉയരുകയാണ്. ശാസ്താകോട്ട ആഞ്ഞിലിമൂട് മത്സ്യവ്യാപാരിയുമായുള്ള സമ്പർക്കത്തിൽ മാത്രം ഇതിനകം 27 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗലക്ഷണം പ്രകടിപ്പിക്കാത്തവരും വിദൂര സമ്പർക്കത്തിന് വിധേയമായെന്ന് കരുതുന്നവരും കൊവിഡ് പോസിറ്റീവാകുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ആഞ്ഞിലിമൂട് ചന്തയിൽ മീൻ കച്ചവടം നടത്തിയവരും അവരുടെ കുടുബങ്ങളിലുമായിട്ടാണ് ഏറ്റവും കൂടുതൽ സമൂഹവ്യാപനം കണ്ടെത്തിയത്. ചന്തയിൽ ഒരു ദിവസം മൂവായിരത്തോളം ആളുകൾ വന്നുപോകാറുണ്ട്. കഴിഞ്ഞ രണ്ടാഴ്ചത്തെ സമ്പർക്ക സാദ്ധ്യതാ ലിസ്റ്റ് തയ്യാറാക്കുക അസാധ്യമാണ്. ആന്റിജൻ ടെസ്റ്റിന് വരുന്നവരിൽ ഏറെയും ചന്തയിൽ എത്തിയവരാണെങ്കിലും മറ്റ് സ്ഥലങ്ങളിൽ നിന്ന് വന്നുപോയവരുടെ മൂന്നിലൊന്നുപോലും ഇത് വരില്ല.
ചവറയിലും പന്മയിലും സ്ഥിതി വ്യത്യസ്തമല്ല
1. കായംകുളത്ത് രോഗം പകർന്നത് തമിഴ്‌നാട്ടിൽ നിന്നെത്തിയ ആളിൽ നിന്ന്
2. വൈറസ് വ്യാപന തോത് അതി തീവ്രം
3. ഡോക്ടർമാർ ഏറെ ശ്രമപ്പെട്ടാണ് ചികിത്സ തുടരുന്നത്
4. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ഔദ്യോഗിക നിരീക്ഷണം പാളി
5. വാളത്തുംഗൽ പ്രശ്ന മേഖലായി ഉയരുന്നു
6. ജില്ലയാകെ കണ്ടെയ്ൻമെന്റ് സോണായാൽ സ്ഥിതി ഗുരുതരമാകും
ശാസ്താകോട്ടയിൽ നേരിട്ടുള്ള
സമ്പർക്കം: 27 (പോസിറ്റീവ്)
''
കൊവിഡ് കേസുകളുടെ വർദ്ധനവ് ആശങ്കയേറ്റുന്നതാണ്. സാമൂഹ്യഅകലത്തോടൊപ്പം നിയന്ത്രണങ്ങളിൽ ജനങ്ങളുടെ സഹകരണവും ഉണ്ടാകണം.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ