chera-kozhi
വലയിൽ കുടുങ്ങിയ ചേരക്കോഴിയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്നു

 ജില്ലാ മൃഗാശുപത്രിയിൽ ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയ

 നാല് ദിവസത്തിനുള്ളിൽ ഭക്ഷണം കഴിക്കാനാകും

കൊല്ലം: കളക്ടറേറ്റിന് സമീപം വലയിൽ കുടുങ്ങി പരിക്കേറ്റ നിലയിൽ കാണപ്പെട്ട ചേരക്കോഴിക്ക് ഫയർഫോഴ്സ് രക്ഷകരായി. തേവള്ളിയിലെ ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ച ചേരക്കോഴിയെ ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു.

ഇന്നലെ രാവിലെ ആർ.വൈ.എഫിന്റെ കളക്ടറേറ്റ് മാർച്ചിന്റെ ചിത്രങ്ങളെടുക്കാനെത്തിയ മാദ്ധ്യമ ഫോട്ടോഗ്രാഫർമാരാണ് വലയിൽ കുടുങ്ങി പറക്കാൻ കഴിയാതെ മരത്തിലിരുന്ന ചേരക്കോഴിയെ കണ്ടത്. തുടർന്ന് ഫയർഫോഴ്സിനെ ഇവർ വിവരം അറിയിച്ചു. ഫയർഫോഴ്സ് സംഘമെത്തി മരത്തിൽ കയറി ചേരക്കോഴിയെ ശ്രമകരമായി പിടികൂടാൻ ശ്രമിച്ചപ്പോഴേക്കും സമീപത്തെ കുളത്തിലേക്ക് കോഴി വീണു. കുളത്തിൽ വീണ കോഴി പിടിതരാതെ വീണ്ടും ഫയർഫോഴ്സിനെ വട്ടംചുറ്റിച്ചു. ഒടുവിൽ ഉച്ചയോടെ പിടികൂടി തേവള്ളിയിലെ ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു.

ഡോ. പി. അജിത്, ഡോ. നിജിൻ ജോസ്, ഡോ. അജിത് ബാബു എന്നിവരുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കോഴിയുടെ അന്നനാളത്തിലെ പരിക്ക് പരിഹരിച്ചത്. വല കുരുങ്ങി അന്നനാളത്തിൽ ഒരു സെന്റിമീറ്ററിലേറെ ആഴത്തിൽ മുറിവേറ്റിരുന്നു. 'ഈസോഫാജിയൽ അപ്പോസിഷൻ' നടത്തിയാണ് പരിക്ക് ഭേദമാക്കിയത്. ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ആന്റിബയോട്ടിക്കും ഡ്രിപ്പും നൽകി ആശുപത്രിയിലെ കൂട്ടിൽ പാർപ്പിച്ചിരിക്കുകയാണ്.

നാല് ദിവസത്തിനുള്ളിൽ ചേരക്കോഴി ഭക്ഷണം കഴിച്ച് തുടങ്ങുമെന്ന് ഡോക്ടർമാർ അറിയിച്ചു. അതിനുശേഷം തുറന്ന് വിടും.