അഞ്ചൽ: ഉത്ര വധക്കേസിലെ മുഖ്യ പ്രതികളായ ഭർത്താവ് സൂരജിനെയും കല്ലുവാതുക്കൽ സ്വദേശി പാമ്പ് സുരേഷിനെയും വനം വകുപ്പ് തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങി. നേരത്തെ ഒരാഴ്ച പുനലൂർ കോടതി തെളിവെടുപ്പിന് ഫോറസ്റ്റ് കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് മാവേലിക്കര സബ് ജയിലിൽ റിമാൻഡിലായിരുന്ന ഇവരെ ഫോറസ്റ്റ് അധികൃതർ ജയിലിലെത്തി കസ്റ്രഡിയിലെടുക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരായ പുനലൂർ ഡി.എഫ്.ഒയുടെയും അഞ്ചൽ റേഞ്ച് ഓഫീസറുടെയും നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെ പ്രതികളെ അഞ്ചൽ റേഞ്ച് ഓഫീസിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്തു. ഇന്നും നാളെയും വീണ്ടും തെളിവെടുപ്പിനായി കല്ലുവാതുക്കലും ഏറത്തും കൊണ്ടുപോകും. ഒന്നാം ഘട്ട തെളിവെടുപ്പിന് ശേഷം ലഭിച്ച സുപ്രധാന വിവരങ്ങളിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. തെളവുകൾ കോടതി വഴി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.