കരുനാഗപ്പള്ളി: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുനിന്നും ആരംഭിച്ച മാർച്ച് താലൂക്ക് ഓഫീസിന്റെ തെക്കേ റോഡിൽ വെച്ച് പൊലീസ് തടഞ്ഞു. ഇതേ തുടർന്ന് പൊലീസും യുവമോർച്ച പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. നേതാക്കൾ ബന്ധപ്പെട്ട് യുവജന പ്രവർത്തകരെ നിയന്ത്രിച്ചു. തുടർന്ന് സംഘടിപ്പിച്ച പ്രതിഷേധ യോഗം ബി.ജെ.പി ജില്ലാ സെക്രട്ടറി വി.എസ്.ജിതിൻദേവ് ഉദ്ഘാടനം ചെയ്തു. ആർ.ശംഭു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ്, യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി പി. അഖിൽ, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് തേവനത്ത്, ട്രഷറർ ആർ. മുരളി,തുടങ്ങിയവർ പ്രസംഗിച്ചു.