പത്തനാപുരം: സുഹൃത്തുക്കൾ വിവാഹസമ്മാനമായി നൽകിയ ടി.വി ഓൺലൈൻ പഠനസൗകര്യമില്ലാതെ വിഷമിച്ച കുട്ടികൾക്ക് നൽകി മാതൃകയായി നവദമ്പതികൾ. കടയ്ക്കാമൺ കോളനി രാജുഭവനിൽ (പ്ലോട്ട് നമ്പർ 7 ബി ) രാജൻ പ്രസന്ന ദമ്പതികളുടെ മകൻ രഞ്ജിത്തും തിരുവല്ല കച്ചോട് ഉദിമൂട്ടിൽ പ്രദീപ് -സുധ ദമ്പതികളുടെ മകൾ പ്രസീതയുമാണ് തങ്ങൾക്ക് വിവാഹ സമ്മാനമായി ലഭിച്ച ടി വി കുട്ടികൾക്ക് നൽകിയത്. .കടയ്ക്കാമൺ കോളനിയിൽ തന്നെയുള്ള കുട്ടികൾക്കാണ് ടി വി നല്കിയത്. ഭാരത് കായിക കലാ സമിതി എന്ന സംഘടനയിലെ സുഹൃത്തുക്കളാണ് ഇവർക്ക് ടി .വി സമ്മാനിച്ചത്.സമതിയിലെ അംഗമാണ് രഞ്ജിത്ത്. ടി വി ലഭിച്ചപ്പോൾ തന്നെ അർഹരായവരെ കണ്ടെത്തി ടി.വി കൊടുക്കാൻ രണ്ടു പേരും തീരുമാനിച്ചു. വിവാഹശേഷം വീട്ടിൽ കയറും മുൻപേ ഇവർ നേരെ പോയത് ടി വി കൈമാറാനാണ്. ഇതോടെ പത്തനാപുരം എം .എൽ .എ കെ ബി ഗണേഷ് കുമാർ അടക്കമുള്ള നിരവധി പേർ ദമ്പതികൾക്ക് ആശംസകളുമായി എത്തി. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ് രഞ്ജിത്ത്.തിരുവല്ലയിലെ പ്രമുഖ വസ്ത്രാലയത്തിലെ സെയിൽസ് ഗേളാണ് പ്രസീത.