shop

ഓയൂർ: വെളിയം കോളനി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എച്ച് ആൻഡ് എസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ കബളിപ്പിച്ച് യുവാവ് പണം കവർന്നു. വാക്കനാട് സ്വദേശി ഹരികുമാറിെ ഉടമസ്ഥതയിലുള്ള കടയിൽ നിന്ന് 1700 രൂപയാണ് ബൈക്കിലെത്തിയ യുവാവ് തട്ടിയെടുത്തത്. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് കടയിലെ ജീവനക്കാരിയോട് കട ഉടമ ഹരികുമാർ എവിടെ പോയെന്ന് ചോദിച്ചു. സ്ഥലത്തില്ല എന്ന് പറഞ്ഞപ്പോൾ യുവാവ് ഹരികുമാറിനെ മൊബൈലിൽ വിളിക്കുന്നതു പോലെ സംസാരിക്കുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും കുറച്ച് പൈസ ആവശ്യമുണ്ടെന്ന് പറയുന്നതും ജീവനക്കാരി കേട്ടു .തുടർന്ന് അയാൾ ജീവനക്കാരിയോട് മേശയിൽ കളക്ഷൻ എത്രയുണ്ടെന്ന് കട ഉടമ ചോദിക്കുന്നു എന്ന് പറഞ്ഞു. 1200 രൂപ ഉണ്ടെന്ന് മറുപടി പറഞ്ഞു. ഒരു രണ്ടായിരം രൂപ തരാൻ ഹരിപറഞ്ഞു. ഇയാളുടെ കൈവശം പൈസയുണ്ടെങ്കിൽ കടയിലെ പൈസയുടെ കൂടെ ബാക്കി ചേർത്ത് 2000 രൂപ തരാൻ യുവാവ് ആവശ്യപ്പെട്ടു. അത്രയും ഇല്ല എന്ന് പറഞ്ഞ് ജീവനക്കാരിയുടെ കൈവശം ഉണ്ടായിരുന്ന 500 രൂപയും ചേർത്ത് 1700 രൂപ യുവാവിന് നല്കി. എന്റെ ഒരു സുഹൃത്ത് കുറച്ച് സമയത്തിനകം 18000 രൂപ ഇവിടെ ഏൽപ്പിക്കും വാങ്ങി വയ്ക്കണമെന്നും പറഞ്ഞു യുവാവ് പോയി. ഇയാൾപോയശേഷം കടയിലെ ഉടമയെ വിളിച്ച് വിവരം പറഞ്ഞപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലായത്. പൂയപ്പള്ളി പൊലീസിൽ പരാതി നല്കി. ഒരാഴ്ച മുൻപ് മീയണ്ണൂരിൽ പ്രവർത്തിക്കുന്ന ഫൈനാൻസിൽ നിന്നും 15000 രൂപയും ഒരു മാസം മുൻപ് പൂയപ്പള്ളി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തുണിക്കടയിൽ നിന്നും 5000 രൂപയും സമാനമായ രീതിയിൽ തട്ടിയെടുത്തിരുന്നു. എല്ലാ തട്ടിപ്പുകളിലും ഒരാൾ തന്നെയാണ് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.