പാരിപ്പള്ളി: പരോളിലിറങ്ങിയ ശേഷം ജയിലധികൃതരെ കബളിപ്പിച്ച് മുങ്ങിനടന്ന കൊലക്കേസ് പ്രതിയെ പാരിപ്പള്ളി എസ്.ഐ നൗഫലിന്റെ നേതൃത്വത്തിൽ സാഹസികമായി പിടികൂടി. ചിറക്കര ഇടവട്ടം കുന്നുപുറത്ത് വീട്ടിൽ അമ്മാച്ചൻ എന്നറിയപ്പെടുന്ന സുരേഷാണ് (46) ഇന്നലെ പിടിയിലായത്.
2004ൽ ചിറക്കര രാവണൻ പൊയ്കയിൽ വച്ച് സുശീലൻ എന്നയാളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയ കേസിൽ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു. അഞ്ച് മാസം മുമ്പ് പരോളിൽ ഇറങ്ങിയ ശേഷം മംഗലാപുരത്ത് മുങ്ങി നടക്കുകയായിരുന്നു.
ഇന്നലെ വീട്ടിലെത്തുമെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പാരിപ്പള്ളി സി.ഐ രൂപേഷ് രാജിന്റെ നിർദ്ദേശപ്രകാരം എസ്.ഐ നൗഫൽ, ഗ്രേഡ് എ.എസ്.ഐ അഖിലേഷ്, എസ്.സി.പി.ഒ ഷിബു, സി.പി.ഒമാരായ മനോജ്, രാജേഷ്, സലാഹുദ്ദീൻ എന്നിവരടങ്ങുന്ന സംഘം വീടുവളഞ്ഞാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് കൊണ്ടുപോയി.