വീടുകൾക്കുള്ളിലെ ബാത്ത് റൂമുകളുടെ സ്ഥാനത്തെപ്പറ്റിയാണ് കൂടുതൽ പേർക്കും അറിയേണ്ടത്. ഇത്തവണ ബാത്ത് റൂമുകളെക്കുറിച്ചുള്ള പൊതുസംശയങ്ങൾ നിവാരണം ചെയ്യാം. വീടുകളിൽ പലപ്പോഴും അപ്രധാനമായി പരിഗണിക്കാറുളളതാണ് ബാത്ത് റൂമിന്റെ സ്ഥാനം. എന്നാൽ ഇതിന് പ്രാധാന്യമേറെയാണ്. വീടിനുള്ളിൽ പണിയുന്ന ബാത്ത് റൂമുകളും ബാത്തിംഗ് ടബ്ബുകളും ടോയ്ലറ്റുകളുമൊക്കെ വീടിനെ കീറിമുറിക്കരുതെന്നാണ്. പ്രധാന ഊർജപ്രസരണ മേഖലയെ കീറിമുറിക്കരുതെന്ന് സാരം.
തെക്കുപടിഞ്ഞാറു നിന്നും തെക്കുനിന്നും കിഴക്കുനിന്നും തെക്കുകിഴക്കുനിന്നും വ്യത്യസ്തമായി എതിർ ദിശയിലേക്കൊഴുകുന്ന ഊർജ്ജങ്ങൾ മുറിയപ്പെടരുത്. അപ്പോൾ ഈ സ്ഥാനങ്ങളിൽ ബാത്ത് റൂം വരരുത് എന്നാണ് വിവക്ഷിക്കുന്നത്. വീടിനുളളിലെ നാലുമൂലകളിലും ദിശാമദ്ധ്യങ്ങളിലും ബാത്ത്റൂമുകൾ പണിയരുത് എന്നാണർഥം. മൂലകളിലല്ലാതെ എവിടെ കൊടുക്കാം എന്ന് ചോദിക്കുന്നവർ ധാരാളമുണ്ട്. അപ്പോൾ മൂലകൾ എന്തു ചെയ്യാം എന്നൊക്കെയാണ് സംശയം ഉന്നയിച്ചിട്ടുളളത്. മൂലകളിൽ നിന്ന് ഒഴിവാക്കിയും മദ്ധ്യത്തിൽ നിന്ന് ഒഴിവാക്കിയും മാത്രമേ ബാത്ത് റൂമുകൾ പണിയാവൂ. മൂലകളിൽ ഡ്രസ് ഏരിയാ ആക്കാം. അപ്പോൾ മൂലകൾ മാറിപ്പോകും. വീടിന്റെ മൊത്തം മദ്ധ്യത്തിൽ നിന്നു ബാത്തുറൂമുകൾ മാറ്റി നിർത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഭിത്തിപോലും മദ്ധ്യത്തിൽ കയറി വരരുത് എന്നാണ്. അങ്ങനെ മദ്ധ്യത്തിൽ കയറി വന്നിട്ടുളള വീടുകളുണ്ടെങ്കിൽ അത് മാറ്റുകയോ അല്ലെങ്കിൽ വീടിന്റെ പുറത്ത് മൊത്തം നീളത്തിൽ പുതിയ മുറി കെട്ടി വീടിനെ പുതിയ അളവിലേയ്ക്ക് മാറ്റുകയോ ചെയ്യേണ്ടതാണ്. അതുവഴി മദ്ധ്യത്തിലെ പ്രശ്നം പരിഹരിക്കാം. പക്ഷേ മൂലകളിൽ നിന്ന് ബാത്തുറൂമുകൾ മാറ്റാതെ പുതിയ ഇറക്കുകൊടുക്കുന്നത് കടുത്ത വാസ്തുദോഷമുണ്ടാക്കും.
മൂലകളിലും മദ്ധ്യത്തിലും ബാത്ത് റൂമുകൾ വരുന്നത് ദോഷമുണ്ടാക്കും. ബാത്ത് റൂമുകളിൽ ടൈലോ ഗ്രാനൈറ്റോ ഒക്കെയിടുമ്പോൾ വടക്ക് കിഴക്കായി ചെറിയ ചെരിവ് വേണം. വെള്ളം അപ്പോൾ അതുവഴി ഒഴുകി ഇറങ്ങും. വടക്ക് കിഴക്ക് പറ്റുന്നില്ലെങ്കിൽ തെക്കുകിഴക്കു കൂടി വെളളം പോകുന്ന വിധം വേണം പൈപ്പ് ഇടാൻ. ക്ലോസെറ്റിൽ ഇരിക്കുമ്പോൾ വടക്കോട്ടോ പടിഞ്ഞാറോട്ടോ ഇരിക്കുന്നവിധം വെച്ചാൽ നന്നായിരിക്കും. ബാത്ത് ടബ്ബ് ഉണ്ടെങ്കിൽ ബാത്ത് റൂമിന്റെ വടക്കു കിഴക്കു തന്നെ വയ്ക്കുകയും വേണം.
ബാത്ത് റൂമുകൾ വീടിന് വെളിയിൽ പണിയുമ്പോഴും അതീവ ശ്രദ്ധ വേണം. മൂലകളിലോ മതിലുകളിലോ തൊടുന്ന വിധം കെട്ടരുത്. ഭൂമിയുടെയോ വീടീന്റെയോ നേർമദ്ധ്യഭാഗത്ത് വരുന്നപോലെ ചെയ്യരുത്. കന്നി മൂലയിലോ ഈശാന ഭാഗത്തോ യാതൊരു കാരണവശാലും പുറത്ത് ബാത്ത് റൂമുകൾ പണിയരുത്.ഉണ്ടെങ്കിൽ മാറ്റിപ്പണിയുക തന്നെവേണം. കന്നിയിൽ ഉയർത്തിക്കെട്ടാമെന്ന് പറയുന്നവരുണ്ട്. പക്ഷേ ക്ലോസറ്റിന്റെ കുഴിയും തുടർച്ചയായ ജല സാന്നിധ്യവും പ്രാണികോർജ്ജത്തെ സാരമായി ബാധിക്കുന്നതിനാൽ അത് ഒഴിവാക്കണം. പുറത്തെ ബാത്ത് റൂമിന്റെ വാതിൽ പരമാവധി കിഴക്കോട്ടോ, വടക്കോട്ടോ വയ്ക്കണം. മതിലിനോടോ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളോടോ ചേർത്ത് ബാത്ത് റൂമുകൾ ഉണ്ടെങ്കിൽ അത് ഒഴിവാക്കി ബാത്ത് റുമിനെ സ്വതന്ത്രമാക്കാം.