coconut

 താങ്ങുവിലയും താങ്ങായില്ല, സംഭരണം പാളി

കൊല്ലം: സംസ്ഥാനത്ത് നാളികേര ഉത്‌പാദനം വർദ്ധിച്ചെങ്കിലും സംഭരണം നിലച്ചതോടെ കണ്ണീർക്കയത്തിലായി കർഷകർ. നാഫെഡിന്റെ കൊപ്രാസംഭരണം പാളിയതിനാൽ കേന്ദ്രം പ്രഖ്യാപിച്ച നാളികേര താങ്ങുവിലയും കർഷകന് നേട്ടമാകുന്നില്ല. വെളിച്ചെണ്ണ വിലയും കുറയുകയാണ്.

കേരഫെഡിന്റെ 900 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് പച്ചത്തേങ്ങ സംഭരണത്തിന് അനുമതിയുണ്ട്. എന്നാൽ,​ കൂടിയ വിലയ്ക്ക് തേങ്ങ സംഭരിച്ച് കൊപ്രായാക്കുമ്പോൾ നഷ്ടം വരുന്നതിനാൽ ഭൂരിഭാഗം സംഘങ്ങളും സംഭരണത്തിന് തയ്യാറായില്ല. മലബാറിലെ സംഘങ്ങൾ സംഭരിക്കുന്ന കൊപ്രയാണ് ദക്ഷിണ കേരളത്തിലെ കേരഫെഡ് വെളിച്ചെണ്ണ ഉത്പാദന കേന്ദ്രമായ കരുനാഗപ്പള്ളിയിൽ എത്തുന്നത്. മാ‌ർച്ചിലും ഏപ്രിലിലുമാണ് കേരളത്തിൽ തേങ്ങാസംഭരണം. തമിഴ്നാട്ടിൽ വില കുറവായതിനാൽ തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട ജില്ലകളിലെ കച്ചവടക്കാർ അവിടെനിന്നാണ് വാങ്ങുന്നത്. ഇതോടെ നാടൻ തേങ്ങയ്ക്ക് ഡിമാൻഡും ഇല്ലാതായി.

കേരഫെഡ് വെളിച്ചെണ്ണ

പ്രതിദിന ഉത്പാദനം: 200 ടൺ

ഇപ്പോൾ: 150 ടൺ

വില്പന: സപ്ളൈകോ,​ കൺസ്യൂമ‌ർഫെഡ്

വിലയിടിഞ്ഞ്

വെളിച്ചെണ്ണ,​ തേങ്ങ

ഹോട്ടലുകൾ പൂട്ടിയതോടെ പൊതിച്ച തേങ്ങയുടെ ഡിമാൻഡ് കുറഞ്ഞു. നാടൻ തേങ്ങ ഒന്നിന് 22രൂപ വിലയുള്ളപ്പോൾ തമിഴ്നാട് തേങ്ങ കിലോഗ്രാമിന് 30 രൂപയ്ക്ക് ലഭിക്കും. ലോക്ക്ഡൗണിലും തമിഴ്നാട് തേങ്ങ വരുന്നുണ്ട്. ഇതോടെ,​ നാടൻതേങ്ങ വില 18 രൂപയിലേക്ക് താഴ്ന്നു. മിൽ വെളിച്ചെണ്ണയുടെ മൊത്തവില കിലോഗ്രാമിന് 20 രൂപ കുറഞ്ഞ് 180 ആയി. 200 രൂപയാണ് വെളിച്ചെണ്ണ ചില്ലറ വില.

താങ്ങുവില (ക്വിന്റൽ)​

പച്ചത്തേങ്ങ: ₹2,700

കൊപ്ര: ₹9,960

ഉരുളൻകൊപ്ര: ₹10,300

കേരളത്തിലെ തേങ്ങ ഉത്പാദനം

2014-15: 48,​966 ലക്ഷം

2018-19: 76,​313 ലക്ഷം

കൊപ്ര: 4,500 ടൺ (പ്രതിവർഷ ശരാശരി)

''ഉയ‌ർന്ന താങ്ങുവില പ്രഖ്യാപിച്ചെങ്കിലും നാഫെഡ് തേങ്ങ സംഭരിക്കാൻ തയ്യാറായിട്ടില്ല. തമിഴ്നാട്ടിൽ നിന്ന് എത്തുന്നത് മായം കലർന്നവയാണ്"".

കെ.ജി. രവി

മുൻ കാർഷിക കടാശ്വാസ കമ്മിഷനംഗം

''നാഫെഡ് തേങ്ങ സംഭരണം വൈകുന്നതിനെതിരെ കൃഷിവകുപ്പ് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഓണത്തിന് മുമ്പ് സംഭരണം ആരംഭിക്കാൻ ഇടപെടലുണ്ടാകും""

എസ്.വിജയകുമാർ

അസിസ്റ്രന്റ് പ്രൈവറ്റ് സെക്രട്ടറി

കൃഷി വകുപ്പ്

''പ്രതിവർഷം 30,000 ടൺ കൊപ്ര കിലോഗ്രാമിന് 99.60 രൂപ നിരക്കിൽ സംഭരിക്കാൻ കേന്ദ്രാനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ കൊപ്ര സംഭരിക്കും""

നാഫെഡ്, കൊച്ചി