covid

 ട്രോളിംഗിനൊപ്പം കൊവിഡ് ദുരിതവും

കൊല്ലം: ട്രോളിംഗ് നിരോധനത്തിനൊപ്പം കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഹാർബറുകൾ അടച്ചതോടെ ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ വറുതിയുടെ തിരയേറ്റം. അഴീക്കൽ മുതൽ പരവൂർ വരെ നീളുന്ന ജില്ലയുടെ തീരദേശ മേഖലയിൽ ജീവനോപാധിയായ മത്സ്യബന്ധനം നിലച്ചതോടെ തുറകളിലെ കുടുംബങ്ങൾക്ക് കൂട്ട് പട്ടിണിയാണ്.

ട്രോളിംഗ് നിരോധനം മുന്നിൽ കണ്ട് കുറച്ച് പണം കരുതിവയ്ക്കുന്നതാണ് പതിവ്. ഇക്കുറി ഇതുപാളി. കൊവിഡിൽ തീരം മുങ്ങിത്താഴ്ന്നപ്പോൾ ജോലിയും കൂലിയുമില്ലാത്ത അവസ്ഥയായി. സർക്കാർ നൽകിയ കിറ്റും സൗജന്യ അരിയും കൊണ്ടാണ് കഴിഞ്ഞുപോന്നത്. ലോക്ക് ഡൗൺ നീളുകളും ജോലിയില്ലാതാവുകയും ചെയ്തതോടെ മത്സ്യത്തൊഴിലാളികളിൽ അധികവും കടത്തിലായി.

എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ വിഷമിക്കുമ്പോഴാണ് കൊവിഡ് വ്യാപനം ഭയന്ന് ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങൾ അടച്ചിടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടത്. ശക്തികുളങ്ങരയിൽ മത്സ്യബന്ധന തൊഴിലാളി കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ജില്ലയിൽ മത്സ്യവിൽപ്പനക്കാർക്കും അഴീക്കലിൽ വള്ളത്തൊഴിലാളിയുടെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതാണ് സ്ഥിതി കൂടുതൽ സങ്കീർണമാക്കിയത്. പൂന്തുറയിലെ രോഗവ്യാപനവും ജില്ലയിൽ മത്സ്യബന്ധനമേഖല പൂർണമായും അടച്ചിടാൻ ജില്ലാ ഭരണകൂടത്തെ നിർബന്ധിതരാക്കി.

അടുപ്പ് ഊതിക്കെടുത്തി

ആഴക്കടൽ മത്സ്യബന്ധനം ഇല്ലാതാകുന്ന ട്രോളിംഗ് നിരോധന കാലമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചാകരക്കാലം. ഇക്കൊല്ലം ലോക്ക് ഡൗണിന് പിന്നാലെയാണ് ട്രോളിംഗ് നിരോധനമെത്തിയത്. പരമ്പരാഗത വള്ളക്കാർക്ക് തരക്കേടില്ലാത്ത കോളും ലഭിച്ചിരുന്നു. ഇതിനിടെയാണ് കൊവിഡ് സമൂഹവ്യാപന ഭീതിയിൽ ഹാർബറുകൾ അടയച്ചത്. ഇത് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ അടുപ്പ് ഊതിക്കെടുത്തി. വീട്ടുചെലവുകൾ, കുട്ടികളുടെ പഠനം, കുടുംബാംഗങ്ങളുടെ ചികിത്സ, വായ്പാ തിരിച്ചടവ് എല്ലാം മുടങ്ങി.


അറുതിയില്ലാതെ തീരം

1. കഴിഞ്ഞ ഏതാനും വർഷങ്ങളായി ദുരിതകാലം

2. ഒന്നിന് പിന്നാലെ ഓഖിയും പ്രളയവും കൊവിഡും

3. പ്രതികൂല കാലാവസ്ഥയും തിരിച്ചടി

4. എണ്ണക്കാശുപോലും കിട്ടാത്ത അവസ്ഥ

5. ഓരോ കുടുംബത്തിനും മിച്ചം കടക്കെണി

''

സർക്കാ‌ർ വിലക്കേർപ്പെടുത്തുമ്പോൾ വറുതിയിലാകുന്നത് കടലിന്റെ മക്കളാണ്. കുടുംബങ്ങളെല്ലാം പട്ടിണിയുടെ വക്കിലാണ്.

മത്സ്യത്തൊഴിലാളികൾ