kollam

 നിരീക്ഷിക്കാൻ നടപടിയില്ല

കൊല്ലം: സമൂഹവ്യാപനത്തിന് പിന്നാലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും ജില്ലയിൽ തങ്ങുന്നവരുടെ കണക്കെടുക്കാനോ നിരീക്ഷിക്കാനോ നടപടിയില്ല.

ലോക്ക് ഡൗൺ കാലത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങാതെ തുടരുന്നവർ തൊഴിൽ സ്ഥാപനങ്ങളിൽ പോയിത്തുടങ്ങിയിട്ടുണ്ട്. മാത്രമല്ല,​ ഒറ്റയ്ക്കും കൂട്ടായും അന്യസംസ്ഥാന തൊഴിലാളികൾ തിരികെയെത്താൻ തുടങ്ങിയതും ജില്ലയെ ഭീതിപ്പെടുത്തുന്നു.

ട്രെയിനുകളിലും മറ്റും തിരികെയെത്തുന്നവരെ റെയിൽവേ സ്റ്റേഷനുകളിലും സംസ്ഥാന അതിർത്തികളിലും സ്ക്രീനിംഗിന് ശേഷമാണ് കടത്തിവിടുന്നതെങ്കിലും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളോ മറ്റ് രേഖകളോ ഇവരുടെ പക്കലില്ല. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നടപടി സ്വീകരിക്കാത്തതും നില കൂടുതൽ വഷളാക്കും.

സർക്കാർ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൊവിഡ് കേസുകൾക്ക് പിന്നാലെയാണ്. കശുഅണ്ടി ഫാക്ടറികൾ, കട്ടക്കമ്പനികൾ, ബ്രോയിലർ ചിക്കൻ സെന്ററുകൾ, ഹോട്ടലുകൾ,​ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ചെമ്മീൻ കമ്പനികൾ, ഐസ് ഫാക്ടറികൾ, ബോട്ടുകൾ, ബേക്കറികൾ, പലഹാര നിർമ്മാണ യൂണിറ്റുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് വീണ്ടും തൊഴിലിടങ്ങളിൽ സജീവമായത്.

ട്രോളിംഗ് നിരോധനം ഈമാസം 31ന് അവസാനിക്കാനിരിക്കെ ബോട്ടുകളിൽ പണിയെടുത്തിരുന്ന തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളും മടങ്ങിവരാൻ തുടങ്ങിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിലെ തീവ്രരോഗബാധിത മേഖലകളിൽ നിന്നാണ് ഇവരിൽ പലരുടെയും വരവ്. തിരുവനന്തപുരം പൂന്തുറയിൽ കുളച്ചലിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുമായുള്ള സമ്പ‌ർക്കം കൊവിഡ് വ്യാപനത്തിന് ഇടയാക്കിയ സാഹചര്യത്തിൽ ജില്ലയിലും തീരപ്രദേശങ്ങളിലടക്കം ഭീതിജനകമായ സാഹചര്യമാണ് അഭിമുഖീകരിക്കുന്നത്.

''

അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തൊഴിൽ സ്ഥലങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.

ടി. ആർ മനോജ് കുമാർ

ജില്ലാ ലേബർ എൻഫോഴ്സ്മെന്റ് ഓഫീസർ

അന്യസംസ്ഥാന തൊഴിലാളികൾ

ആകെ: 13,820

ശ്രമിക് ട്രെയിനുകളിൽ മടങ്ങിയവർ: 7,​000

മറ്റ് വാഹനങ്ങളിൽ: 800

ജില്ലയിൽ തുടരുന്നത്-6020

(ലേബർ വകുപ്പിന്റെ കണക്ക്)​