നൂറ്റിയൊന്നാമത് വെന്റിലേറ്ററിന് എന്തുചെയ്യും?
കൊല്ലം: ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോൾ ആശുപത്രികളുടെ നിലയും അതീവ ഗുരുതരം!. ജില്ലയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജും ജില്ലാ ആശുപത്രിയും സ്വകാര്യ ആശുപത്രികളിലുമടക്കം മൊത്തം നൂറ് വെന്റിലേറ്റർ സൗകര്യമാണ് ഉള്ളത്.
രോഗവ്യാപനം കൂടുകയും വൈറസ് ബാധയുടെ തീവ്രത ശക്തമാകുകയും ചെയ്താൽ വെന്റിലേറ്റർ സൗകര്യം വർദ്ധിപ്പിക്കേണ്ടിവരും. നൂറ്റിയൊന്നാമത് രോഗിക്ക് വെന്റിലേറ്റർ വേണ്ടിവന്നാൽ എന്ത് ചെയ്യുമെന്ന ചോദ്യമാണ് ആരോഗ്യരംഗത്തുള്ളവരെ ഭയപ്പെടുത്തുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലടക്കമുള്ള സർക്കാർ ആതുരായലങ്ങളിൽ ആകെ 27 വെന്റിലേറ്ററുകളാണുള്ളത്. ബാക്കി സ്വകാര്യ ആശുപത്രികളിലും.
ഇന്നലെ വരെ ചികിൽസയിലുള്ള രോഗികൾ 220 ആയിരുന്നു. ജൂൺ 20 മുതൽ ഓരോ ദിവസവും രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ജൂലായ് 13നാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്, 33 പേർക്ക്. സമ്പർക്കം മൂലമുള്ള രോഗവ്യാപനവും ആശങ്കപ്പെടുത്തുന്നതാണ്.
രോഗികൾ കൂടിയാൽ വെന്റിലേറ്ററിന് അയൽ ജില്ലകളെ ആശ്രയിക്കേണ്ടിവരും. എന്നാൽ തിരുവനന്തപുരത്തെയും ആലപ്പുഴയിലെയും സ്ഥിതി സമാനമായതിനാൽ അവിടെ നിന്ന് വെന്റിലേറ്റർ സൗകര്യം ലഭിക്കാനുള്ള സാദ്ധ്യതയും കുറവാണ്.
വെന്റിലേറ്ററുകൾ
ജില്ലയിൽ ആകെ: 100
സർക്കാർ ആശുപത്രികളിൽ: 27
സ്വകര്യ ആശുപത്രികളിൽ: 73
നില വഷളായാൽ താളം തെറ്റും
1. തീവ്ര വൈറസ് ബാധ രോഗികളുടെ ശ്വസനപ്രക്രിയ താളം തെറ്റിക്കും
2. ഇവരുമായി സമ്പർക്ക പട്ടികയിലുള്ളവരെയും ചികിത്സിക്കേണ്ടിവരും
3. ജീവൻ നിലനിറുത്താൻ വെന്റിലേറ്റർ സൗകര്യം അത്യാവശ്യം
4. മൂന്ന് ഡോക്ടർമാർ രോഗിയെ നിരീക്ഷിച്ചാണ് വെന്റിലേറ്റർ ചികിത്സ
5. രോഗികളുടെ എണ്ണം കൂടിയാൽ ആനുപാതികമായി വെന്റിലേറ്ററുകളും വേണം
6. ലഭിക്കാതെ വന്നാൽ രോഗികൾ മരിക്കാനിടയാകും
''
പൊതുമേഖലാ സ്ഥാപനങ്ങളുടെയോ സാമ്പത്തിക ശേഷിയുള്ളവരുടെയോ സഹായം ലഭിച്ചാലേ കൂടുതൽ വെന്റിലേറ്റർ സൗകര്യം ഒരുക്കാൻ കഴിയൂ.
ആരോഗ്യപ്രവർത്തകർ