ശമ്പളമില്ലാതെ കൊല്ലം പബ്ലിക് ലൈബ്രറി ജീവനക്കാർ
കൊല്ലം: സംസ്ഥാനത്തെ ഏറ്റവും വലിയ ഗ്രന്ഥശാലകളിൽ ഒന്നായ കൊല്ലം പബ്ലിക് ലൈബ്രറിയിലെ ജീവനക്കാർ ശമ്പളമില്ലാതെ ആത്മഹത്യയുടെ വക്കിൽ. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം അരമാസത്തെ ശമ്പളം മാത്രമാണ് ഇവർക്ക് ലഭിച്ചത്.
ലൈബ്രറി വളപ്പിലെ സോപാനം ആഡിറ്റോറിയം, സാവിത്രി ഹാൾ, സരസ്വതി ഹാൾ എന്നിവിടങ്ങളിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവനക്കാർക്ക് ആദ്യകാലം മുതലേ ശമ്പളം നൽകിയിരുന്നത്. 14 സ്ഥിരം ജീവനക്കാരും 4 താത്കാലിക ജീവനക്കാരുമാണ് ഇവിടെ ജോലി നോക്കുന്നത്. സ്ഥിരം ജീവനക്കാരിൽ പകുതിയിലേറെയും 30 വർഷത്തിലേറെയായി ജോലി ചെയ്യുന്നവരാണ്. ബാക്കിയുള്ളവർ ജോലിയിൽ പ്രവേശിച്ചിട്ട് 15 വർഷത്തോളമാകും.
കൂടുതൽ പേർ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് നിയന്ത്രണമുള്ളതിനാൽ സോപാനം ആഡിറ്റോറിയത്തിലും സാവിത്രി, സരസ്വതി ഹാളുകളിലും സമീപഭാവിയിൽ ചടങ്ങുകൾ വിരളമായേ നടക്കാൻ സാദ്ധ്യതയുള്ളൂ. ഗവേണിംഗ് ബോഡി മറ്റു വഴികൾ തേടിയില്ലെങ്കിൽ ലൈബ്രറി തുറന്നാലും അടുത്തകാലത്തെങ്ങും ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാകാത്ത സ്ഥിതിയാണ്.
അച്ചാണി രവീന്ദ്രന്റെ സംഭാവന
അച്ചാണി സിനിമയിൽ നിന്ന് ലഭിച്ച ലാഭം വിനിയോഗിച്ച് ചലച്ചിത്ര നിർമ്മാതാവും വ്യവസായിയും സാംസ്കാരിക നായകനുമായ രവീന്ദ്രനാഥൻ നായരാണ് കൊല്ലം പബ്ലിക് ലൈബ്രറി കെട്ടിടം നിർമ്മിച്ച് നൽകിയത്. 1979 ലായിരുന്നു ഉദ്ഘാടനം. പിന്നീടാണ് സോപാനം ആഡിറ്റോറിയത്തിന്റെ നിർമ്മാണം നടന്നത്. കളക്ടർ ചെയർമാനും മേയർ വൈസ് ചെയർമാനും രവീന്ദ്രനാഥൻ നായർ ഓണററി സെക്രട്ടറിയുമായ ഗവേണിംഗ് ബോഡിക്കാണ് ലൈബ്രറിയുടെ നടത്തിപ്പ് ചുമതല.
രവീന്ദ്രനാഥൻ നായരടക്കം സമിതിയിലുള്ള ഭുരിഭാഗം പേരും പ്രായാധിക്യത്തിന്റെ അവശതയിലാണ്. അതുകൊണ്ടു തന്നെ ഗവേണിംഗ് ബോഡി യോഗം കൃത്യമായി ചേരാറില്ല. ആയുഷ്കാല മെമ്പർഷിപ്പ് വിതരണം നടക്കുമ്പോഴാണ് ലൈബ്രറിക്ക് കാര്യമായ വരുമാനം ലഭ്യമാകുന്നത്. ലൈബ്രറി നശിച്ചാലും വേണ്ടില്ല തങ്ങളുടെ സ്ഥാനം നഷ്ടമാകരുതെന്ന് ചിന്തിക്കുന്ന ചിലർ കളക്ടർ പറഞ്ഞിട്ടും ആയുഷ്കാല മെമ്പർഷിപ്പ് വിതരണത്തിന് തടസം നിൽക്കുകയാണെന്ന് ആക്ഷേപമുണ്ട്.
പുസ്തകങ്ങൾ ചിതലരിച്ച് കാണും
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ച മാർച്ച് 16നാണ് കൊല്ലം പബ്ലിക് ലൈബ്രറിക്കും താഴ് വീണത്. നന്നായി പരിപാലിക്കാത്തതിനാൽ പഴക്കമുള്ള പുസ്തകങ്ങൾ പലതും നേരത്തെ തന്നെ ദയനീയാവസ്ഥയിലാണ്. മാസങ്ങളായി തുറക്കാത്തതിനാൽ പുസ്തകങ്ങൾ പലതും ചിതലരിച്ച് നശിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
നിലവിൽ ജോലി നോക്കുന്നത്
14 സ്ഥിരം ജീവനക്കാർ
4 താത്കാലിക ജീവനക്കാർ
ശമ്പളം 12000 രൂപയിൽ താഴെ
ലൈബ്രറിയിലെ ഏറ്റവും ഉയർന്ന ജീവനക്കാരിക്ക് പോലും 12000 രൂപയിൽ താഴെയാണ് ശമ്പളം. ബാക്കിയുള്ളവർക്കാകട്ടെ തീരെ ചെറിയ ശമ്പളമാണ് ലഭിച്ചുകൊണ്ടിരുന്നത്.