thankaseri-fish-market
തങ്കശേരിയിൽ നിർമ്മിക്കുന്ന മത്സ്യമാർക്കറ്റിന്റെ രൂപരേഖ

 2.10 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചു

 8 മാസത്തിൽ നിർമ്മാണം പൂർത്തിയാകും

കൊല്ലം: ചരിത്രപ്രസിദ്ധമായ തങ്കശേരി കോട്ടയുടെ മാതൃകയിൽ തങ്കശേരിയിൽ നിലവിലുള്ള ചന്ത നവീകരിച്ച് ഹൈടെക്ക് ആക്കുന്നു. 705 ചതുരശ്ര അടി വിസ്തീർണമുള്ള ചന്തയുടെ പുനർനിർമ്മാണത്തിന് 2.10 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചത്.

പുതിയ മാർക്കറ്റ് സമുച്ചയത്തിൽ റീട്ടെയിൽ ഷോപ്പുകൾ, സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച പതിനഞ്ചോളം ഫിഷ് ഔട്ട്ലെറ്റുകൾ, ബുച്ചർ സ്റ്റാളുകൾ, കോൾഡ് സ്റ്റോറേജ്, മത്സ്യസ്റ്റാളുകളിൽ സ്റ്റീൽ സിങ്ക്, മാൻഹോളുകൾ, ഡ്രെയിനേജ് സൗകര്യം, ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് മത്സ്യം വിതരണം ചെയ്യാനുള്ള സംസ്കരണ യൂണിറ്റ് എന്നിവയുമുണ്ടാകും. മലിനജലം കെട്ടിനിൽക്കാതിരിക്കാൻ ഓവുചാലുകളും മലിനജലം സംസ്കരിക്കുന്ന എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റും പദ്ധതിയിലുണ്ട്. ഗുണമേന്മയുള്ള പ്ലബിംഗ് ഉപകരണങ്ങളാകും ഇവിടെ ഉപയോഗിക്കുക.

കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും പ്രത്യേകം ശുചിമുറികളുണ്ടാകും. വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ തങ്കശ്ശേരി കോട്ടയുടെ മാതൃകയിലാണ് ചന്തയിലേക്കുള്ള പ്രവേശനകവാടം. എട്ട് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

 705 ചതുരശ്ര അടി വിസ്തീർണം

 " സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ 65 ചന്തകൾ 193 കോടി രൂപ ചെലവിൽ നവീകരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയാകും തങ്കശേരി മാർക്കറ്റ് നവീകരിക്കുക"

മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ