ഫുഡ് സേഫ്ടി മൊബൈൽ ലാബ് വർക്ക് ഷോപ്പിലായി
കൊല്ലം: റോഡിലിറങ്ങും മുമ്പേ ഫുഡ് സേഫ്ടി മൊബൈൽ ലാബിന് കഷ്ടകാലം. തേവള്ളി എൻ.ജി.ഒ ക്വാർട്ടേഴ്സിൽ പാർക്ക് ചെയ്തിരുന്ന മൊബൈൽ വാനിന്റെ മുൻവശത്തെ ഗ്ളാസ് തകർന്നു. എൻ.ജി.ഒ ക്വാർട്ടേഴ്സിൽ നടന്ന മറ്റൊരു നിർമ്മാണ പ്രവൃത്തിയുടെ സാധനങ്ങൾ ഇറക്കുന്നതിനിടെ വാനിന്റെ മുൻവശത്തെ ഗ്ളാസിൽ തട്ടിയതാണ് പൊട്ടാൻ കാരണം.
ഗ്ളാസ് മാറാനും മെയിന്റനൻസിനുമുള്ള പണം കരാറുകാരൻ നൽകിയതിനെ തുടർന്ന് മൊബൈൽ ലാബിന്റെ പൊട്ടിയ ഗ്ളാസ് മാറി. പെയിന്റിംഗും സ്റ്റിക്കർ വർക്കുകളും പൂർത്തിയാക്കിയശേഷം വരുന്ന ആഴ്ചയോടെ വാഹനം റോഡിലിറക്കാനാകും. പാൽ, എണ്ണ, കുടിവെള്ളം തുടങ്ങിയവയിൽ മായം കലർത്തുന്നത് കണ്ടെത്താനായി ചെക്ക് പോസ്റ്റും മാർക്കറ്റുകളും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് ഭക്ഷ്യ സുരക്ഷാവകുപ്പ് ജില്ലയിൽ മൊബൈൽ ഫുഡ് സേഫ്റ്റിലാബ് എത്തിച്ചത്.
മൊബൈൽ വാനിലേക്ക് ഡ്രൈവർ, അറ്റൻഡർ, അനലിസ്റ്റ് എന്നീ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണറുടെ മേൽനോട്ടത്തിലായിരിക്കും മൊബൈൽ ലാബിന്റെ പ്രവർത്തനം.
''
യാദൃശ്ചികമായി തകരാനിടയായ മൊബൈൽഫുഡ് സേഫ്റ്റി ലാബിന്റെ മുൻഗ്ളാസ് മാറ്റുകയും മറ്റ് തകരാറുകൾ പരിഹരിക്കുകയും ചെയ്തുവരികയാണ്. വരുന്ന ആഴ്ചയോടെ ലാബ് നിരത്തിലിറക്കും.
ദിലീപ്, ജില്ലാ ഭക്ഷ്യസുരക്ഷാ
അസി. കമ്മിഷണർ, കൊല്ലം