ഉറവിടമില്ലാത്ത കൊവിഡ് കേസുകൾ കൂടുന്നു
കൊല്ലം: ഉറവിടമില്ലാത്ത കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ചതോടെ ജില്ല കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നതായി സൂചന. യാത്രാ ചരിത്രമില്ലാത്തവർക്കും വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരുമായി സമ്പർക്കം ഇല്ലാത്തവർക്കും കൊവിഡ് സ്ഥിരീകരിക്കുകയാണ്.
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനകളിലാണ് പലർക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്. തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ച അഞ്ചൽ സ്വദേശി ആരുമായും അധികം സമ്പർക്കം പുലർത്താത്തയാളാണ്. ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിൽ കൊവിഡ് സ്ഥിരീകരിച്ച പള്ളിമൺ സ്വദേശിയായ വൃദ്ധയും വീട്ടുകാരല്ലാതെ മറ്റാരുമായും ഇടപെട്ടിട്ടില്ല. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച, കൊല്ലം, പിറവന്തൂർ, മണക്കര സ്വദേശികളുടെയും ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത നിരവധി പേർ രോഗബാധിതരായി നൂറ് കണക്കിന് പേരുമായി ഇടപെടുന്നുണ്ടെന്ന ആശങ്ക ആരോഗ്യ വകുപ്പ് അധികൃതരും പങ്കുവയ്ക്കുന്നു.
ഔദ്യോഗിക കണക്കിൽ അഞ്ചുപേർ മാത്രം
ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ അഞ്ച് ഉറവിടമറിയാത്ത കൊവിഡ് പോസിറ്റീവ് കേസുകളാണുള്ളത്. പക്ഷെ ഇതിന്റെ മൂന്നിരട്ടിയോളം ഉണ്ടെന്നതാണ് വസ്തുത. കാൽപനികമായി സമ്പർക്കപ്പട്ടിക തയ്യാറാക്കി ഇത്തരം കേസുകളുടെയെല്ലാം ഉറവിടം അന്യസംസ്ഥാനക്കാരുടെ തലയിൽ കെട്ടിവച്ച് അന്വേഷണം അവസാനിപ്പിക്കുകയാണ്.
ഒരാളിൽ നിന്ന് ഒത്തിരി പേരിലേക്ക്
നേരത്തേയുള്ള അവസ്ഥയിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ കൊവിഡ് ബാധിതരാകുന്നവരുടെ കുടുംബാംഗങ്ങൾക്കും അവരുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഒട്ടുമിക്ക പേർക്കും രോഗം സ്ഥിരീകരിക്കുകയാണ്. പള്ളിമണിൽ ചിറയിൽ മരിച്ചുകിടന്ന വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് പരിശോധനാ ഫലത്തിലെ പിഴവാകാമെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ വൃദ്ധയുടെ മക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചു. സമാന തരത്തിൽ കൊവിഡ് ബാധിച്ച് മരിച്ച വാളത്തുംഗൽ സ്വദേശിയുടെ ഭാര്യയ്ക്കും മക്കൾക്കും രോഗം പടർന്നിരുന്നു. പന്മന ശാസ്താംകോട്ട സ്വദേശികളായ മത്സ്യക്കച്ചവടക്കാരുമായി സമ്പർക്കം പുലർത്തിയവരിൽ ഓരോ ദിവസവും കൊവിഡ് സ്ഥിരീകരിക്കുകയാണ്.