ഓച്ചിറ: കായംകുളത്തും പുതിയകാവിലും സമൂഹ വ്യാപന സാധ്യത നിലനിൽക്കു സാഹചര്യത്തിൽ ഓച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്ര പരിധിയിൽ വരുന്ന ഓച്ചിറ, ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളിൽ പരിശോധന സംവിധാനങ്ങൾ ശക്തമാക്കി. കൊവിഡ് 19 രോഗനിർണയ പരിശോധന കേന്ദ്രത്തിൽ ഇതുവരെ നടത്തിയ 250 പരിശോധനകളിൽ ഒന്ന് പോസറ്റീവ് ആണ്.
സമൂഹ വ്യാപന സാധ്യത മനസിലാക്കാൻ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി വരുന്നവരെയും സ്രവ പരിശോധനയ്ക്ക് വിധേയമാക്കും. ആശുപത്രിമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, ആംബുലൻസ് ഡ്രൈവർമാർ , സമൂഹത്തിൽ ജനങ്ങളുമായി കൂടുതൽ ഇടപഴകുന്നവരായ ഭക്ഷണ വിതരണക്കാർ, കമ്മ്യൂണിറ്റി വളണ്ടിയേഴ്സ്, വ്യാപാരികൾ, റേഷൻ ഷോപ്പ് നടത്തുന്നവർ, പൊലീസുകാർ , ബാങ്ക് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ ഹെഡ് ലോഡ് വർക്കേഴ്സ് തുടങ്ങിയവരുടെ സ്രവ പരിശോധന ഉടൻ ആരംഭിക്കും.
ജനങ്ങൾക്കുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ വാർഡ് അടിസ്ഥാനത്തിൽ കമ്മറ്റികൾ രൂപീകരിച്ച് മൈക്ക് അനൗൺസ്മെന്റും ഗൃഹസന്ദർശനം നടത്തി നോട്ടീസ് വിതരണം ഉൾപ്പെടെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
കൊല്ലം ജില്ലാ ടി. ബി സെന്ററും ഓച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി ഓച്ചിറ പരബ്രഹ്മ ആഡിറ്റോറിയത്തിലെ അന്തേവാസികൾക്കായി നടത്തിയ ക്യാമ്പിൽ ക്ഷയരോഗ ലക്ഷണം ഉള്ള 25 പേരുടെ കഫ പരിശോധന നടത്തി. പരിശോധനയിൽ പോസിറ്റീവ് കേസുകൾ ഉണ്ടെങ്കിൽ അവർക്ക് തുടർ ചികിത്സയും പരിചരണവും പോഷകാഹാര വിതരണവും പഞ്ചായത്തുമായി ചേർന്ന് നടപ്പിലാക്കും. ലാബ് ടെക്നീഷ്യൻ സ്വപ്ന, ഹെൽത്ത് സൂപ്പർവൈസർ ഗോപിനാഥ്.ടി, ഹെൽത്ത് ഇൻസ്പെക്ടർ പി.സി മധുകുമാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി
ഓച്ചിറയുടെ വടക്കുഭാഗം ആയ കായംകുളത്തും തെക്കുഭാഗം ആയ പുതിയകാവിലും സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
ഡോ. സുനിൽകുമാർ. ഡി
ബ്ലോക്ക് മെഡിക്കൽ ഓഫീസർ
സാമൂഹിക ആരോഗ്യ കേന്ദ്ര പരിധിയിൽ പെട്ട ഓച്ചിറ, ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളിൽ ഇന്ന് 542 പേർ ഗൃഹ നിരിക്ഷണത്തിലും 158 പേർ വിവിധ ക്വാറന്റ്വയിൽ കേന്ദ്രങ്ങളിലും നിരീക്ഷണത്തിൽ ഉണ്ട്