കൊല്ലം: പതിനാല് ദിവസം പൂർണമായും അടച്ചിട്ടിരുന്ന കൊട്ടാരക്കരയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തനം തുടങ്ങി. ആദ്യ ദിനത്തിൽ യാത്രക്കാർ തീരെ കുറവായതിനാൽ ഇരുപത് സർവീസുകളാണ് നടത്തിയത്. പ്രധാന പാതകളിൽ മാത്രമേ ഡിപ്പോയിൽ നിന്നുള്ള ബസുകൾ ഓടിയുള്ളൂ. 54 സർവീസാണ് ആകെയുള്ളത്. ഇന്നുമുതൽ മിക്കവയും നിരത്തിലിറങ്ങും. കൊവിഡിന്റെ പശ്ചാത്തലത്തിൽ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഈ മാസം 5ന് ഡിപ്പോ പൂർണമായും അടച്ചത്. മറ്റിടങ്ങളിൽ നിന്ന് വരുന്ന ബസുകൾ ഡിപ്പോയിൽ പ്രവേശിക്കാതെ കടന്നുപോവുകയായിരുന്നു. കൊട്ടാരക്കരയിലെ ലോക്ക് ഡൗൺ പിൻവലിച്ചതിനെ തുടർന്നാണ് ഇന്നലെ രാവിലെ മുതൽ ഡിപ്പോ പ്രവർത്തനം തുടങ്ങിയത്.