കൊല്ലം: കൊട്ടാരക്കര പട്ടണത്തിൽ ദേശീയപാതയിൽ നടപ്പാത നിർമ്മാണം തുടങ്ങി. തറയിൽ ടൈൽ പാകി ഒരു വശത്ത് ഇരുമ്പ് കൈവരി സ്ഥാപിച്ചാണ് നടപ്പാത നിർമ്മിക്കുന്നത്. ചിലയിടത്ത് ഇന്റർലോക്ക് പാകുന്നുണ്ട്. പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ പുലമൺ ജംഗ്ഷൻ വരെ ഇത്തരത്തിൽ നടപ്പാത നിർമ്മിക്കുന്നുണ്ട്. മാർത്തോമാ ഹൈസ്കൂളിന് സമീപംവരെ നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലാണ്. പട്ടണത്തിലെ ഓടകൾ തെളിച്ച് മേൽമൂടി സ്ഥാപിക്കുന്നതിനൊപ്പമാണ് നടപ്പാതയും ഒരുക്കുന്നത്. ഇതിനായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. ഓട തെളിച്ച് ഏറെക്കുറേ മൂടികളും മാറ്റിസ്ഥാപിച്ചു. പട്ടണത്തിലെ വെള്ളക്കെട്ടിന് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. റെയിൽവേ സ്റ്റേഷൻ കവല മുതൽ പുലമൺ കോളേജ് ജംഗ്ഷൻ വരെയാണ് നവീകരണ പദ്ധതി.