bindhu

രാജ്യത്ത് ആദ്യമായി നയതന്ത്ര ബാഗിൽ 15 കോടിയുടെ സ്വർണം കടത്തിയതിന് പിടിയിലായ പ്രതികളെച്ചൊല്ലി സംസ്ഥാനമാകെ രാഷ്ട്രീയ കോലാഹലം ഇരമ്പുമ്പോൾ കൊല്ലത്തും പ്രതിഷേധം തിളച്ചുമറിയുകയാണ്. സ്വർണക്കടത്തിനും പ്രതികൾക്കും പ്രത്യക്ഷമായോ പരോക്ഷമായോ കൊല്ലവുമായി ബന്ധമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പലയിടവും കണ്ടെയ്ൻമെന്റ് സോണുകളായി. ചില സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ ഇതൊന്നും പ്രതിഷേധത്തിന്റെ ചൂട് കുറയ്‌ക്കുന്നില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സോളാർ വിഷയത്തിൽ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോൾ യു.ഡി.എഫ് നടത്തുന്ന പ്രക്ഷോഭം. ഒരു വ്യത്യാസം മാത്രം. അന്ന് കൊവിഡിന്റെ നിയന്ത്രണങ്ങളോ മഹാമാരി സൃഷ്ടിച്ച ഭീതിയോ ഉണ്ടായിരുന്നില്ല. ജില്ലയിൽ കൊല്ലം കോർപ്പറേഷനിലെ ചില വാർഡുകളടക്കം കൊവിഡ് സമൂഹ വ്യാപന ഭീതിയിലാണ്. സാമൂഹിക അകലവും മറ്റ് കൊവിഡ് നിയന്ത്രണങ്ങളും നിലനിൽക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സമരവേലിയേറ്റം.

കൊല്ലം നഗരത്തിലും ജില്ലാ ഭരണസിരാകേന്ദ്രമായ കളക്ട്രേറ്റ് പടിയ്ക്കലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിലും ഘടകകക്ഷികളുടെയും യുവജന, പോഷക സംഘടനകളുടെയും നേതൃത്വത്തിലും ബി.ജെ.പിയുടെയും സംഘപരിവാർ സംഘടനകളുടെയും നേതൃത്വത്തിലും പ്രക്ഷോഭങ്ങൾ നടക്കുകയാണ്. കൂടാതെ ജില്ലയിൽ മുഴുവൻ പ്രതിഷേധ സമരങ്ങൾ അരങ്ങേറുന്നു. പലസമരങ്ങളും സാമൂഹിക അകലം പാലിക്കാനോ കൊവിഡ് പ്രോട്ടോക്കോൾ പാലിയ്ക്കാതെയോ ആണെന്ന് മാത്രമല്ല, അക്രമത്തിലേക്ക് വഴുതിപ്പോകുന്നുമുണ്ട്.

ഉത്രയെ കൊന്നത് താനെന്ന് സമ്മതിച്ച് സൂരജ്

അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് താനെന്ന് പരസ്യമായി സമ്മതിച്ച് പ്രതിയും ഭർത്താവുമായ സൂരജ്. ചൊവ്വാഴ്ച അടൂരിലെ സൂരജിന്റെ വസതിയിൽ തെളിവെടുപ്പിനെത്തിച്ച സൂരജ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ കുറ്റസമ്മതം നടത്തിയത്. ഉത്രയെ താനാണ് കൊന്നതെന്ന് സമ്മതിച്ച സൂരജ്, എന്തിനാണ് കൊന്നതെന്ന ചോദ്യത്തിന് തനിയ്ക്കറിയില്ലെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു. പ്രതികളായ സൂരജ്, പാമ്പുപിടുത്തക്കാരൻ ചാവർകോട് സുരേഷ് എന്നിവരെ തുടരന്വേഷണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്. ഉത്രയുടെ സ്വത്തുക്കൾ സ്വന്തമാക്കാനാണ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് നേരത്തെ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നെങ്കിലും ഇതാദ്യമായാണ് സൂരജ് പരസ്യമായ കുറ്റസമ്മതം നടത്തുന്നത്. ഉത്രയുടെ അഞ്ചൽ ഏറത്തെ വീട്ടിൽ വച്ച് മേയ് ഏഴിന് ജാറിനകത്താക്കി കൊണ്ടുവന്ന പാമ്പിനെ കിടക്കയിൽ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. തുടർന്ന് പാമ്പിനെ കൊണ്ടുവന്ന ജാർ കൊണ്ട് ഉത്രയുടെ ഇടതുകൈ സൂരജ് പൊക്കി. ഈ സമയത്താണ് ഉത്രയുടെ കയ്യിൽ പാമ്പ് കൊത്തിയതെന്നും നേരത്തെ മൊഴി നൽകിയിരുന്നു. മാർച്ച് രണ്ടിന് ഉത്രയെ അടൂരിലെ വീട്ടിൽ വച്ച് അണലിയെക്കൊണ്ട് കടിപ്പിച്ചെന്നും സൂരജ് വനംവകുപ്പ് ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു

സുരേഷ് മാപ്പുസാക്ഷി?

ഉത്രവധക്കേസിൽ മാപ്പ് സാക്ഷിയാക്കണമെന്ന പാമ്പുപിടുത്തക്കാരൻ സുരേഷിന്റെ അപേക്ഷയിൽ സാക്ഷിമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. ഹർജി പരിഗണിച്ച കൊല്ലം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി മുമ്പാകെ സുരേഷ് നേരിട്ട് ഇക്കാര്യം ബോധിപ്പിക്കുകയായിരുന്നു. കേസ് സംബന്ധിച്ച് അറിയാവുന്ന കാര്യങ്ങൾ സുരേഷ് കീഴ്കോടതിയിൽ ബോധിപ്പിക്കും. ഉത്രയുടെ മരണശേഷം സൂരജ് സുരേഷിനെ ഫോണിൽ വിളിച്ചിരുന്നു. ഉത്ര മരിച്ചെന്നും സുരേഷിൽ നിന്ന് പാമ്പിനെ വാങ്ങിയ കാര്യം പൊലീസിനോട് പറയരുതെന്നും ആവശ്യപ്പെട്ടിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസിന്റെ അനുമതിയോടെ സുരേഷിനെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചേക്കും.

കേസിൽ സൂരജിന്റെ പങ്ക് വ്യക്തമാക്കുന്ന രണ്ട് സുഹൃത്തുക്കളുടെ സി.ആർ.പി.സി 164 പ്രകാരമുള്ള രഹസ്യമൊഴി പരവൂർ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു മൂന്ന് സുഹൃത്തുക്കളുടെ മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും 90 ദിവസം പൂർത്തിയാകും മുമ്പ് കുറ്റപത്രം സമർപ്പിക്കുമെന്നും റൂറൽ എസ്.പി ഹരിശങ്കർ പറഞ്ഞു.

സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി

ഉത്രവധക്കേസിലെ മൂന്നാം പ്രതിയും സൂരജിന്റെ പിതാവുമായ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. കുറ്റപത്രം സമർപ്പിച്ച ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉത്രയുടെ സ്വർണം ഒളിപ്പിച്ചതിനാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും ഉത്രയ്ക്ക് അണലിയുടെ കടിയേറ്റപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാൻ വൈകിപ്പിച്ചതിലും സുരേന്ദ്രന് പങ്കുണ്ടെന്നാണ് നിഗമനം. കേസിൽ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി അഡ്വ. ജി.മോഹൻരാജിനെ നിയമിച്ചു.

കൊവിഡ് ആശങ്കയേറുന്നു

ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഗണ്യമായി ഉയരുന്നത് കടുത്ത ആശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച ജില്ലയിൽ 33 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 18 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധയുണ്ടായത്. ചൊവ്വാഴ്ച 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ശാസ്താംകോട്ട, ചവറ, പന്മന പ്രദേശങ്ങളിലാണ് ഇതുവരെ സമ്പർക്കത്തിലൂടെ രോഗബാധ റിപ്പോർട്ട് ചെയ്തതെങ്കിലും ഇപ്പോൾ ജില്ലയിലെ പല പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. കരുനാഗപ്പള്ളി, വാളത്തുംഗൽ, സുനാമി കോളനി എന്നിവിടങ്ങളിലും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുണ്ടെന്നത് ആശങ്കയുണർത്തുന്നു.

നിലവിൽ ജില്ലയിൽ 50 ലധികം സമ്പർക്കരോഗികളുണ്ടെന്നാണ് കണക്ക്. ഇവരിലേറെയും ശാസ്താംകോട്ട, പോരുവഴി മേഖലകളിലാണ്. ജില്ലയിൽ രണ്ട് മത്സ്യവ്യാപാരികൾക്ക് കൊവിഡ് ബാധിച്ചതോടെയാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നവരുടെ എണ്ണം കുതിച്ചുയർന്നത്. മത്സ്യവ്യാപാരികളിൽ ഒരാളുടെ കുടുംബാംഗങ്ങൾ അടക്കം രോഗബാധിതരായി. ആഞ്ഞിലിമൂട് മാർക്കറ്റിൽ നടത്തിയ ദ്രുതപരിശോധനയിൽ ഉൾപ്പെടെ ജില്ലയുടെ വിവിധ പ്രദേശത്തെ 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഇവിടെയുള്ള മത്സ്യവ്യാപാരിയിൽ നിന്നുള്ള സമ്പർക്കത്തിലൂടെയായിരുന്നു. ജില്ലയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. മരിച്ച നിലയിൽ കണ്ടെത്തിയ ശക്തികുളങ്ങര സ്വദേശിക്കും കൊവിഡ് ഭേദമായ ശേഷം മരിച്ച ഇരവിപുരം ചകിരിക്കട സ്വദേശിക്കും രോഗം പിടിപെട്ടത് എവിടെ നിന്നെന്ന് കണ്ടെത്തിയിട്ടില്ല. ശക്തികുളങ്ങര സ്വദേശിക്ക് ഒട്ടേറെ പേരുമായി സമ്പർക്കം ഉണ്ടായിരുന്നു. കല്ലുവാതുക്കൽ സ്വദേശിനിയായ ഗർഭിണിക്ക് ഉൾപ്പെടെ ആ പ്രദേശത്തുള്ളവർക്ക് രോഗം പകർന്നതിനെപ്പറ്റി വ്യക്തമായ ധാരണ ഇപ്പോഴുമില്ല.

ഉറവിടം അറിയാത്ത രോഗികളുടെ സമ്പർക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം പെരുകുന്നതോടെ ആരോഗ്യവകുപ്പ് അധികൃതരും അതീവ ജാഗ്രതയിലാണ്. ഏറ്റവും ഒടുവിൽ ജില്ലയിൽ മരിച്ച രണ്ടുപേർക്കും രോഗം എവിടെനിന്നാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിൽ കുണ്ടറ തൊട്ടിക്കര കാവിൽ കടവ് ഭാഗത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പള്ളിമൺ ഇളവൂർ വിമൽ നിവാസിൽ പരേതനായ വേണുഗോപാലിന്റെ ഭാര്യ ഗൗരിക്കുട്ടി അമ്മയ്ക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ റൂട്ട്മാപ്പ് തയ്യാറാക്കുന്നത് പോലും സങ്കീർണ്ണമാണ്.