കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശാസ്താംകോട്ടയിൽ 300 കിടക്കകളുള്ള രണ്ടു പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ 18ന് തുറക്കുമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജയശങ്കർ പറഞ്ഞു. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിൽ ചേർന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ശാസ്താംകോട്ട എം.സി.എം.എം ആശുപത്രിയുടെ എതിർവശത്തുള്ള ലേഡീസ് ഹോസ്റ്റൽ, മാർ ബസേലിയോസ് കോളേജിനോട് ചേർന്നുള്ള മെൻസ് ഹോസ്റ്റൽ എന്നിവിടങ്ങളിലായാണ് 300 കിടക്കകളുള്ള രണ്ട് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുന്നത്. ലേഡീസ് ഹോസ്റ്റലിൽ 200 ബെഡുകളും മെൻസ് ഹോസ്റ്റലിൽ 100 ബെഡുകളുമുള്ള രണ്ടു പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാണ് ഒരുങ്ങുന്നത്. കൂടാതെ എം.സി.എം.എം ആശുപത്രിയിൽ ഡോക്ടർമാർക്കും മറ്റ് സ്റ്റാഫുകൾക്കുമടക്കം താമസിക്കാനും പി.പി.ഇ കിറ്റുകൾ സൂക്ഷിക്കാനും 28 മുറികൾ സജ്ജമാക്കി.
നിലവിൽ വാളകം മേഴ്സി ആശുപത്രിയിൽ 100 രോഗികൾക്കുള്ള പ്രാഥമിക ചികിത്സാ കേന്ദ്രമാണ് പ്രവർത്തിക്കുന്നത്. 58 രോഗികൾ അവിടെ ചികിത്സയിലുണ്ട്.
എം.പിമാരായ കെ. സോമപ്രസാദ്, കൊടിക്കുന്നിൽ സുരേഷ്, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ഡെപ്യൂട്ടി കളക്ടർ എം.എ. റഹീം, ഡെപ്യൂട്ടി ഡി.എം. ഒ ഡോ. ജയശങ്കർ, പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി രാജൻ ആചാരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.