santhosh
സന്തോഷും അച്ഛനും അമ്മയും

കൊല്ലം: പ്രതിസന്ധികളെ സ്വയം അതിജീവിച്ച സന്തോഷ് ആദ്യമായി സുമനസുകളുടെ കരുണ തേടുകയാണ്. വീൽച്ചെയറിലിരുന്ന് ആവുന്ന ജോലികളെല്ലാം ചെയ്തിട്ടും കൊവിഡ് ആഘാതത്തിൽ ഒന്നൊന്നായി പരാജയപ്പെടുകയാണ്.

കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് നെല്ലിക്കോമത്ത് വടക്കതിൽ ദിവാകരന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനാണ് സന്തോഷ് (41). ആറാം വയസിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്നു. കൈ കുത്തി ഇഴഞ്ഞ് വാശിയോടെ പ്രീഡിഗ്രി വരെ പഠിച്ചു. പിന്നീട് ട്യൂഷൻ പഠിപ്പിച്ചാണ് മുച്ചക്ര സ്കൂട്ടർ വാങ്ങിയത്.

ട്യൂഷനിൽ നിന്ന് കാര്യമായ വരുമാനം കിട്ടാതായതോടെ കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിൽ അപേക്ഷ എഴുതുന്നത് തൊഴിലാക്കി. കൂടുതൽ പേർ ഈ രംഗത്ത് എത്തിയതോടെ അരിക്കാശ് പോലും കിട്ടാതായി. ഇതിനിടെ വിധി കാൻസറിന്റെ രൂപത്തിലെത്തി. ജില്ലാ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് ചികിത്സ നടത്തിയത്. മൂന്നേമുക്കാൽ ലക്ഷം രൂപയുടെ വായ്പയിൽ ഇനി മൂന്ന് ലക്ഷം രൂപയോളം അടക്കാനുണ്ട്. ഈടായി വച്ച ആകെയുള്ള അഞ്ച് സെന്റ് വസ്തു ജപ്തി ഭീഷണിയിലാണ്.

25 ഓളം റേഡിയേഷനുകൾക്കും ആറ് തവണ കീമോ തെറാപ്പിക്കും വിധേയനായി, ആരുടെ മുന്നിലും കൈനീട്ടാതെ. കൊവിഡിന് മുൻപ് വരെ ലോട്ടറി കച്ചവടമായിരുന്നു. ലോക്ക് ഡൗണിൽ പട്ടിണിയുടെ വക്കിലെത്തിയപ്പോൾ മത്സ്യകച്ചവടം തുടങ്ങി. ലോക്ക് ഡൗൺ ഇളവ് വന്നതോടെ വീണ്ടും ലോട്ടറി കച്ചവടം തുടങ്ങിയെങ്കിലും പച്ച പിടിക്കാഞ്ഞതിനാൽ വീണ്ടും മത്സ്യക്കച്ചവടത്തിലേക്ക് തിരിഞ്ഞു. പക്ഷെ ഇരുട്ടടിയായി ഹാർബറുകൾ കൂട്ടത്തോടെ അടച്ചു. ഇനി എന്ത് തൊഴിൽ ചെയ്യണമെന്ന് സന്തോഷിന് അറിയില്ല.

18 വർഷമായി വാടകവീട്ടിലാണ് താമസം. 82 വയസുള്ള അച്ഛനും 77 വയസുള്ള അമ്മയും സന്തോഷിന്റെ തണലിലാണ് കഴിയുന്നത്. അവരെ പട്ടിണിക്കിടാൻ സന്തോഷിന് സങ്കല്പിക്കാൻ പോലുമാകുന്നില്ല. സുമനസുകളുടെ സഹായമുണ്ടെങ്കിലേ സന്തോഷിനും മാതാപിതാക്കൾക്കും ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകൂ. അക്കൗണ്ട് നമ്പർ: 11070100347301, ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ 0001107, ഫെഡറൽ ബാങ്ക് കരുനാഗപ്പള്ളി ബ്രാഞ്ച്. ഫോൺ. 9745565702.