covid

സുരക്ഷാ മുൻകരുതലുകളില്ലാതെ എ.ടി.എമ്മുകൾ

കൊല്ലം: സമൂഹവ്യാപനവും രോഗപകർച്ചയും ഭീതി വിതച്ചിട്ടും ജില്ലയിലെ എ.ടി.എം കൗണ്ടറുകൾ പ്രവർത്തിക്കുന്നത് ബ്രേക്ക് ദി ചെയിൻ സുരക്ഷാ സംവിധാനങ്ങളില്ലാതെ. ഇടപാടുകൾക്കായി കൗണ്ടറുകളിൽ പ്രവേശിക്കുന്നതിന് മുമ്പും പിന്നീടും കൈകൾ ശുചിയാക്കാൻ ഹാൻഡ് വാഷോ സാനിറ്റൈസറോ മിക്ക എ.ടി.എമ്മുകളിലുമില്ല.

ബാങ്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന എ.ടി.എം കൗണ്ടറുകളിൽ മാത്രമാണ് ഇവ പലപ്പോഴും കാണാറുള്ളത്. ജില്ലയിലെ കല്ലുവാതുക്കലിൽ രണ്ടുപേർക്ക് കൊവിഡ് ബാധിച്ചത് എ.ടി.എമ്മിൽ നിന്നാണെന്ന റിപ്പോർട്ട് പുറത്ത് വന്നിട്ടും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. പി.ഒ.എസ് മെഷീൻ ഉപയോഗിക്കുന്ന പെട്രോൾ പമ്പുകളിലും കടകളിലും സമാന അവസ്ഥയാണ്.

എ.ടി.എമ്മിൽ ശ്രദ്ധിക്കേണ്ടത്

1. കൗണ്ടറിൽ സാമൂഹിക അകലം പാലിക്കുക

2. സാനിറ്റൈസർ കൈയിൽ കരുതുക

3. കൈകൾ വാതിലിൽ നേരിട്ട് സ്പർശിക്കരുത്. പേപ്പർ ടിഷ്യൂ ഉപയോഗിക്കുക

4. കാർഡ് സാനിറ്റൈസർ, ടിഷ്യൂ എന്നിവ പ്രയോഗിച്ചശേഷം ഉപയോഗിക്കുക

5. നിരന്തര സന്ദർശനം ഒഴിവാക്കാൻ കൈയിൽ പണം കരുതുക

6. മാസ്‌കില്ലാതെ കൗണ്ടറിൽ പ്രവേശിക്കരുത്

കറൻസി ഉപയോഗിക്കുമ്പോൾ

1. പണം കൈയിലെടുക്കും മുമ്പും ശേഷവും സാനിറ്റൈസർ ഉപയോഗിക്കുക

2. പണമിടപാടുകൾ അക്കൗണ്ട് വഴിയാക്കുക

3. അഥവാ നോട്ടുകൾ കൈമാറിയാലും രണ്ട് ദിവസം കഴിഞ്ഞ് ഇടപാട് നടത്തുക

4. പണം നൽകുമ്പോൾ ബാക്കി തുക തിരികെ നൽകേണ്ടാത്ത വിധത്തിൽ നൽകുക

5. പണം മുഖവുമായി ചേർത്ത് പിടിക്കുകയോ കൈകൾ മുഖത്ത് തൊടുകയോ ചെയ്യരുത്

6. ഉമിനീര്‍ തൊട്ട് നോട്ടെണ്ണരുത്

ജില്ലയിലെ ബാങ്ക് ശാഖകൾ: 675

എ.ടി.എം കൗണ്ടറുകൾ: 640

''

എ.ടി.എമ്മുകളിൽ സാനിറ്റൈസർ നിർബന്ധമാക്കാനും ഇടയ്ക്കിടെ കൗണ്ടറുകൾ വൃത്തിയാക്കാനും മാനേജർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

റീനാ സൂസൻ ചാക്കോ,​

മാനേജർ, ലീഡ് ബാങ്ക്, കൊല്ലം