നേത്രാ ബോട്ട് തീരത്ത് ലോക്കായിട്ട് നാല് വർഷം
കൊല്ലം: തീരസുരക്ഷ ഉറപ്പാക്കാൻ ആരംഭിച്ച നീണ്ടകര തീരദേശ പൊലീസ് സ്റ്റേഷന്റെ പട്രോളിംഗ് ബോട്ടുകളിലൊന്ന് കരയിൽ വിശ്രമിക്കാൻ തുടങ്ങിയിട്ട് കൊല്ലം നാല് കഴിഞ്ഞു. നേത്രയെന്ന ആദ്യപട്രോളിംഗ് ബോട്ടിന്റെ എൻജിൻ കത്തിപ്പോയതിനെ തുടർന്നാണ് കൊല്ലം പോർട്ടിലെത്തിച്ചത്. പിന്നീട് മഴയും വെയിലുമേറ്റ് നശിക്കാനായിരുന്നു യോഗം.
അഴീക്കൽ മുതൽ കാപ്പിൽ വരെ നീളുന്നതാണ് കൊല്ലം തീരദേശ മേഖല. സുനാമി, ഓഖി ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മകളുമായി ജീവിക്കുന്ന തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആപത്ത് പിണഞ്ഞാൽ ആകെയുള്ള ആശ്രയമാണ് കേരളാ പൊലീസിന് കീഴിലുള്ള തീരദേശ പൊലീസ്. മത്സ്യബന്ധനത്തിനിടെ കടലിൽ അപായം സംഭവിച്ചാലോ തീരത്ത് ക്രമസമാധാന പ്രശ്നങ്ങളോ സുരക്ഷാ വെല്ലുവിളികളോ നേരിട്ടാലോ പാഞ്ഞെത്തിയിരുന്ന ബോട്ടാണ് വർഷങ്ങളായി ആരും തിരിഞ്ഞുനോക്കാതെ കിടക്കുന്നത്.
കടൽ പട്രോളിംഗിനിടെ എൻജിൻ തകരാറിലായതിനെ തുടർന്നാണ് ബോട്ട് കരയ്ക്കടുപ്പിക്കേണ്ടിവന്നത്. നിർമ്മാണ കമ്പനി തകരാർ പരിഹരിക്കുന്നതിന് ആറ് ലക്ഷത്തോളം രൂപയുടെ എസ്റ്റിമേറ്റ് നൽകി.
മൂന്ന് വർഷം മുമ്പ് പണം അനുവദിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി മുഖാന്തിരം സംസ്ഥാന സർക്കാരിന് ശുപാർശ ചെയ്തെങ്കിലും പണം അനുവദിച്ചില്ല.
പുതിയ ബോട്ട് വാങ്ങാൻ ഒരു കോടിയിലധികം രൂപ വേണ്ടിവരുമെന്നിരിക്കെ കാലപ്പഴക്കം അധികമില്ലാത്ത നേത്രയുടെ എൻജിൻ തകരാർ പരിഹരിച്ചാൽ കാലങ്ങളോളം കൊല്ലത്തിന്റെ തീരം കാക്കാൻ ഇത് മതിയാകും.
ആശ്രയം യോദ്ധയും ദർശനയും
അഴീക്കൽ, നീണ്ടകര, ശക്തികുളങ്ങര, വാടി, തങ്കശേരി ഹാർബറുകളും അറബിക്കടലിലെ നിരീക്ഷണമാണ് നീണ്ടകര കോസ്റ്റൽ പൊലീസിന്റെ പ്രധാന ദൗത്യം. കടലിനോട് ചേർന്നുള്ള ചവറ കെ.എം.എം.എൽ, ഐ.ആർ.ഇ, വള്ളിക്കാവ് മാതാ അമൃതാനന്ദമയിമഠം എന്നീ സ്ഥാപനങ്ങളുടെ സുരക്ഷയും പ്രധാനമാണ്. ആറുപേർക്ക് യാത്രചെയ്യാവുന്ന യോദ്ധ, പതിനാല് പേർക്ക് സഞ്ചരിക്കാവുന്ന ദർശന എന്നീ രണ്ട് പട്രോളിംഗ് ബോട്ടുകളാണ് ഇപ്പോൾ ആശ്രയം. ചെറിയ ബോട്ടായ യോദ്ധ തീരം കേന്ദ്രീകരിച്ചുള്ള പട്രോളിംഗിനേ ഉപകരിക്കൂ. ആഴക്കടൽ പട്രോളിംഗിനും നിരീക്ഷണത്തിനും സൗകര്യമുള്ള ബോട്ടായിരുന്നു നേത്ര.
''
തകരാർ പരിഹരിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. മൂന്നുവർഷം മുമ്പത്തെ എസ്റ്റിമേറ്റ് തുകകൊണ്ട് ഇനി ബോട്ട് നന്നാക്കാൻ കഴിയില്ല.
കോസ്റ്റൽ പൊലീസ് സ്റ്റേഷൻ, നീണ്ടകര