കൊല്ലം: പരീക്ഷ എന്തായാലും ഫലം വരുമ്പോൾ അവിട്ടം വീട്ടിൽ വിജയമധുരം മൂന്നിരട്ടിയാണ്. പ്ളസ് ടു ഫലം വന്നപ്പോഴും അതിന് മാറ്റമുണ്ടായില്ല, ഒന്നിച്ച് പിറന്ന മൂന്നിതളുകൾക്കും എല്ലാ വിഷയങ്ങൾക്കും എ പ്ളസ് മധുരം! കരിക്കോട് പേരൂർ അവിട്ടം വീട്ടിൽ ഷിജി സനാതനൻ - റീന ദമ്പതികളുടെ മക്കളായ ആർഷ ആർ. ഷിജിയും ആർച്ച ആർ. ഷിജിയും ആർദ്ര ആർ. ഷിജിയുമാണ് വിജയ താരങ്ങൾ.
കരിക്കോട് ടി.കെ.എം ഹയർ സെക്കൻഡറിയിലെ വിദ്യാർത്ഥികളായ ഇവർ ഒന്നിച്ചാണ് സ്കൂളിൽ പോകുന്നതും വരുന്നതും. വീട്ടിലെ പഠനത്തിന് പ്രത്യേക സമയമൊന്നുമില്ല. ചിലപ്പോൾ രാത്രി വൈകും വരെയും അതിരാവിലെയും പഠിക്കാനിരിക്കും. മൂന്നുപേരും ചേർന്നുള്ള പഠനമായതിനാൽ സ്കൂളിലെപ്പോലെ രസകരമാണ്. ചോദ്യം ചോദിക്കലും ചെറിയ അടിയുമെല്ലാം ഇതിനിടയിലുണ്ടാകും.
ഒഴിവ് സമയത്ത് ചിത്ര രചനയിലാണ് മൂവരുടെയും കമ്പം. നൃത്തം അഭ്യസിച്ചിരുന്നെങ്കിലും പഠനത്തിരക്കിൽ ഉപേക്ഷിച്ചു. പത്താം ക്ളാസിലെ എല്ലാ വിഷയങ്ങൾക്കും ഇവർക്ക് എ പ്ളസ് ലഭിച്ചിരുന്നു.
എൻജിനിയറിംഗിന് പോകാനാണ് ആർച്ചയുടെ തീരുമാനം. ആർദ്രയ്‌ക്കും ആർഷയ്‌ക്കും ബിരുദ പഠനത്തിനാണ് താത്പര്യം. കേരള പബ്ളിക് സർവീസ് കമ്മിഷനിൽ സിസ്റ്റം അനലിസ്റ്റായ അച്ഛൻ ഷിജി സനാതനനും അമ്മ ആർ. റീനയും മക്കളുടെ പഠന വഴിക്ക് പൂർണ സ്വാതന്ത്ര്യവും നൽകുന്നുണ്ട്.